-mask-stitching-

കൊല്ലം: ലോക് ഡൗൺ എത്തിയപ്പോൾ അംഗൻവാടി അടച്ചു, വീട്ടിലിരിപ്പ് ചുമ്മാ പാഴാക്കാനല്ലെന്ന തിരിച്ചറിവോടെ അംഗൻവാടി ടീച്ചർ മാസ്ക് നിർമ്മിക്കാൻ തുടങ്ങി. അംഗൻവാടിയിലെ കുട്ടികൾക്കും കുടുംബ അംഗങ്ങൾക്കും സൗജന്യമായി നൽകാനാണ് മാസ്കുകൾ തുന്നിയത്. എന്നാലത് നാട്ടുകാർക്കെല്ലാം സൗജന്യമായി നൽകാൻ തുടങ്ങി. അഞ്ചൽ ഇടമുളയ്ക്കൽ പഞ്ചായത്തിലെ തച്ചക്കോട് അങ്കണവാടി ടീച്ചർ എസ്. ശാലിനി ദേവിയാണ് മാസ്കുകൾ തുന്നി സൗജന്യമായി വിതരണം ചെയ്ത് മാതൃകയാകുന്നത്.

കൊവിഡ് 19 വ്യാപനമുണ്ടായ കുളത്തൂപ്പുഴയിൽ വിതരണം ചെയ്യുന്നതിനായാണ് 2 ലെയറുള്ള മാസ്കുകൾ ഇപ്പോൾ തുന്നി നൽകുന്നത്. കൊച്ചുകുട്ടികളുടെ വിശേഷങ്ങൾ തിരക്കിയും കഥപറഞ്ഞും പാട്ടുപാടിയുമൊക്കെ വീടുകൾ കയറിയിറങ്ങുകയും മാസ്ക് വിതരണം ചെയ്യുകയുമാണ് ടീച്ചർ. ഇനിയും കൂടുതൽ തുണിയെടുത്ത് മാസ്ക് നിർമ്മിച്ച് വിതരണം ചെയ്യാനാണ് ശാലിനിയുടെ തീരുമാനം. കുടുംബത്തിന്റെ പൂർണ പിന്തുണയുമുണ്ട്.