pic

കൊല്ലം: കൊവിഡ് വിട്ടൊഴിയുന്നതിന്റെ ലക്ഷണങ്ങളോടെ കൊല്ലത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയെങ്കിലും കർശന സുരക്ഷയൊരുക്കി നിരത്തുകളിൽ പൊലീസ് പരിശോധന തുടരുന്നു. നിയന്ത്രണങ്ങൾ അവഗണിക്കുകയും ആൾക്കൂട്ടം സൃഷ്ടിക്കുകയും ചെയ്ത 267 പേരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 254 കേസുകൾ രജിസ്റ്റർ ചെയ്ത് 200 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്ക്ക് ധരിക്കാതെ പൊതു ഇടങ്ങളിൽ സഞ്ചരിക്കുന്നവർക്കും സാമൂഹിക അകലം പാലിക്കാത്തവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുകയാണ് പൊലീസ്.

കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിലെ കെ.എസ്.ഇ.ബി ഓഫീസിന് മുമ്പിൽ പ്രതിഷേധിച്ച അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും കളക്ടർ ബംഗ്ളാവിന് മുന്നിൽ പ്രതിഷേധിച്ച ഏഴ് കോൺഗ്രസ് പ്രവർത്തകരെയും അറസ്റ്റ് ചെയ്തു. ലോക്ക് ഡൗൺ ദുരിതം അനുഭവിക്കുന്ന പരവൂരിലെ 60 ചെറുകിട വ്യാപാരികൾക്ക് പൊലീസ് ഭക്ഷ്യധാന്യ കിറ്റുകൾ എത്തിച്ച് നൽകി. ദുബായിൽ ജോലി ചെയ്യുന്ന പരവൂർ സ്വദേശിക്ക് ആവശ്യമായ ജീവൻ രക്ഷാ മരുന്നുകൾ കൊറിയർ സർവീസുമായി ബന്ധപ്പെട്ട് പരവൂർ പൊലീസ് വിദേശത്ത് എത്തിച്ച് നൽകി.

പൊതു ഇടങ്ങളിൽ സാമൂഹിക അകലം പാലിക്കണം. ക്രമവിരുദ്ധമായി പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ, അനാവശ്യമായി പുറത്തിറങ്ങുന്നവർ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷണർ ടി.നാരായണനും റൂറൽ എസ്.പി ഹരിശങ്കറും അറിയിച്ചു. കൊല്ലം റൂറൽ/ സിറ്റി രജിസ്റ്റർ ചെയ്ത കേസുകൾ: 86, 168 അറസ്റ്റിലായവർ: 86, 181 പിടിച്ചെടുത്ത വാഹനങ്ങൾ: 70, 130 മാസ്ക്ക് ധരിക്കാത്തതിന് നടപടി 48