പുറത്തോട്ട് ഇറങ്ങാതെ വീട്ടിനകത്ത് ഇരിക്കുക എന്നത് വളരെ പ്രയാസംപിടിച്ച പരിപാടിയാണ്. അതിലേറെ പ്രയാസംപിടിച്ച ജോലിയാണ് പൊലീസിന് ആളുകളെക്കൊണ്ട് ലോക്ക് ഡൗൺ നിയമങ്ങൾ അനുസരിപ്പിക്കുക എന്നത്. ആളുകളെ അനുസരിപ്പിക്കാൻ പൊലീസ് പലവിധ ആശയങ്ങളും പയറ്റുന്നത് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതാണ്. അതുപോലൊരു തമാശ ഒപ്പിച്ച ഉത്തർപ്രദേശ് പൊലീസിന്റെ നടപടി അല്പം കടുത്തുപോയി.
ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച യുവാവിനെ നൃത്തം ചെയ്യിച്ചതാണ് വിവാദമായത്. പ്രശസ്ത ഗായികയും നർത്തകിയായ സപ്ന ചൗധരിയുടെ പാട്ടിനാണ് ഇയാളെ കൊണ്ട് നൃത്തം ചെയ്യിച്ചത്. ഉത്തർപ്രദേശിലെ ഇറ്റാവ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനോട് തല്ലാതിരിക്കണമെങ്കിൽ നൃത്തം ചെയ്യാൻ പൊലീസുകാർ ആവശ്യപ്പെടുകയായിരുന്നു.
പൊലീസുകാർ പകർത്തിയ ദൃശ്യങ്ങൾ വൈറലായതോടെ സംഭവം വിവാദമായി. മാധ്യമങ്ങളിൽ ഇത് വാർത്തയായതോടെ ഇറ്റാവ സ്റ്റേഷനിലെ പൊലീസുകാരുടെ പ്രവൃത്തിയെ വിമർശിച്ച് മുതിർന്ന ഉദ്യോഗസ്ഥർ രംഗത്തെത്തി. സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതായി ഉത്തർപ്രദേശ് പൊലീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഒരാളെ ഭയപ്പെടുത്തി നൃത്തം കളിപ്പിക്കുകയും ആർത്തു ചിരിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്യുന്നത് നിയമപാലകർക്ക് ചേർന്നതല്ലെന്നും ഏതെങ്കിലും സമ്പന്നൻമാർക്കെതിരെ പൊലീസ് ഈ വിധം പെരുമാറുമോയെന്നും സോഷ്യൽമീഡിയകളിൽ വിമർശനമുയർന്നതിനെത്തുടർന്നാണ് നടപടി.
@Uppolice , #Etawah cops make man dance to Sapna Chaudhary's “Teri Aakhya Ka Yo Kajal” for violating #Lockdown ... pic.twitter.com/mMesxvM2fO
— Roshan Thakur (@CitizenThakur) May 3, 2020