ലോക്ക് ഡൗൺ കാലത്ത് ഷൂട്ടിംഗ് ഇല്ലാത്തതുകൊണ്ട് മിക്ക താരങ്ങളും അവരുടെ വീടുകളിൽ തന്നെയാണ്. ഇതിനിടെ അജുവർഗീസ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. നിവിൻ പോളിയ്ക്കും ധ്യാൻ ശ്രീനിവാസനുമൊപ്പമുള്ളതാണ് ചിത്രം. 'ലവ് ആക്ഷൻ ഡ്രാമ' ടീമിന്റെ ലോക്ക്ഡൗൺ കാലത്തെ ഈ സെൽഫി വെറുതെ കാണേണ്ടെന്നും എന്തോ പിറകെ വരാനുണ്ടെന്നുമാണ് മൂവരുടെയും സുഹൃത്തും സംഗീത സംവിധായകനുമായ ഷാൻ റഹ്മാൻ പറയുന്നത്. ലോക്ക് ഡൗൺ സംബന്ധമായ എന്തെങ്കിലും വീഡിയോയുമായി ബന്ധപ്പെട്ടാണോ ഈ മൂവർ സംഘത്തിന്റെ ഒത്തുച്ചേരൽ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.
താടിയൊക്കെ വളർത്തിയ ലുക്കിലാണ് ചിത്രത്തിൽ നിവിൻ. മൊട്ടയടിച്ച് ക്യാപ്പ് വെച്ച അജു വർഗീസിനെയും മാസ്ക് അണിഞ്ഞ ധ്യാനിനെയും ചിത്രത്തിൽ കാണാം..'സംതിംഗ് ഈസ് കുക്കിംഗ്' എന്ന കാപ്ഷനോടെയാണ് ഷാൻ റഹ്മാൻ ചിത്രം പങ്കുവച്ചിരിക്കുന്നത്. രസകരമായ കമന്റുകളുമായി ആരാധകരും ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിനു വേണ്ടിയാണ് നിവിനും അജുവും ധ്യാനും ഒടുവിൽ ഒന്നിച്ചത്. നിവിൻ പോളിയും നയൻതാരയും ചിത്രത്തിൽ നായികാനായകന്മാരായി എത്തിയപ്പോൾ ധ്യാൻ ശ്രീനിവാസൻ സംവിധായകനായി. ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായിരുന്നു അജു.