amith

അമിതാഭ് ബച്ചന്റെ കൊച്ചുമകളാണ് നവ്യ നവേലി നന്ദ. ശ്വേത ബച്ചന്റെയും നിഖിൽ നന്ദയുടെയും മകൾ. ന്യൂയോർക്കിലെ കോളേജിലെ ബിരുദദാന ചടങ്ങിൽ നവ്യ പങ്കെടുക്കാൻ ഇരിക്കെയാണ് കൊവിഡ് 19 ലോകമാകെ വ്യാപിക്കുന്നത്. അതോടെ നവ്യയുടെ സ്വപ്നമായിരുന്ന ബിരുദദാന ചടങ്ങ് നടന്നില്ല. എന്നാൽ ലോക്ക്‌ഡൗൺ കാലത്ത് ബിരുദദാന ചടങ്ങിന്റെ സന്തോഷം വീട്ടുകാർക്ക് ഒപ്പം ആഘോഷിക്കുകയാണ് നവ്യ.

ഗ്രാജ്വേഷൻ തൊപ്പിയണിഞ്ഞും ചിത്രത്തിന് പോസ് ചെയ്തുമൊക്കെ വീട്ടുകാർക്കൊപ്പം ആ ദിനം നവ്യ ആഘോഷിച്ചു. നവ്യയുടെ ഈ വിശേഷങ്ങൾ അമിതാഭ് ബച്ചനാണ് ആരാധകർക്കായി ട്വിറ്ററിൽ പങ്കുവച്ചത്. "ഇതെന്റെ കൊച്ചുമകൾ നവ്യ. ഗ്രാജ്വേഷൻ ഡേ, ന്യൂയോർക്കിലെ കോളേജിൽ നിന്നും ബിരുദം നേടിയിരിക്കുന്നു. ബിരുദദാന ചടങ്ങും യാത്രയും കൊറോണ കാരണം നഷ്ടമായി. പക്ഷേ അവൾ ഗൗണും തൊപ്പിയും അണിയാൻ ആഗ്രഹിച്ചു, സ്റ്റാഫ് അവൾക്കായി ഗൗണും തൊപ്പിയും തുന്നി, ഗ്രാജ്വേഷൻ ദിനം വീട്ടിൽ ആഘോഷിച്ചു. എത്ര പോസിറ്റീവ് ആയ മനോഭാവം," ചെറുമകളെ അഭിനന്ദിച്ചുകൊണ്ട് ബച്ചൻ കുറിച്ചതിങ്ങനെ.

ശ്വേത ബച്ചനും മകളുടെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. "നവ്യ ഇന്ന് കോളേജ് പഠനം പൂർത്തിയാക്കി. ഈ വർഷം ബിരുദം നേടിയ എല്ലാവരെയും പോലെ നവ്യയ്ക്കും അവളുടെ ബിരുദദാന ചടങ്ങ് നഷ്ടമായി. എങ്കിൽ ആ ചടങ്ങ് വീട്ടിൽ പുനരാവിഷ്കരിക്കാം എന്നു ഞങ്ങൾ തീരുമാനിച്ചു. ഒരു ചാർട്ട് പേപ്പർ തൊപ്പിയും കറുത്ത ഗൗണും ഞങ്ങൾ തുന്നിയെടുത്തു. അഭിനന്ദനങ്ങൾ , നിന്നെ കുറിച്ച്‌ ഞാനഭിമാനിക്കുന്നു. സധൈര്യം മുന്നോട്ട് യാത്ര തുടരുക, ലോകം കീഴടക്കുക." ശ്വേത കുറിച്ചു ..