ഓൺലൈനിൽ ഓര്‍ഡര്‍ ചെയ്താൽ മദ്യം വീട്ടിൽ എത്തിയാലോ?എത്ര സൗകര്യമാരുന്നു. എന്നാൽ ലോക്ക്ഡൗണിന് ശേഷം ഫൂഡ് ഡെലിവറി ആപ്പായ സൊമാറ്റോയിലൂടെ ഇനി മദ്യവും ലഭ്യമായേക്കും. രാജ്യത്ത് മദ്യ വിൽപ്പനയ്ക്കുള്ള ഡിമാൻഡ് തന്നെയാണ് ഓൺലൈൻ ഡെലിവറിയ്ക്ക് സൊമാറ്റോയെ പ്രേരിപ്പിയ്ക്കുന്നത്. കൊവിഡ് മൂലം റെസ്റ്റോറൻറുകൾ അടച്ചു പൂട്ടിയതിനാലും ഫൂഡ് ഹോം ഡെലിവറി കുറഞ്ഞതിനാലും ചില നഗരങ്ങളിൽ അവശ്യവസ്തുക്കളുടെ ഡെലിവറി സൊമാറ്റോ ആരംഭിച്ചിരുന്നു.
ഇതിനു പുറമെയാണ് ഓർഡറനുസരിച്ച് മദ്യം എത്തിയ്ക്കാൻ സൊമാറ്റോ ആലോചിയ്ക്കുന്നത്. എന്നാൽ ഇതിന് നിയമപരമായ അനുമതി ഇപ്പോൾ ഇല്ല. ഇൻറർനാഷണൽ സ്പിരിറ്റ്സ് ആൻഡ് വൈൻ അസോസിയേഷൻ ഒഫ് ഇന്ത്യയെ ഉൾപ്പെടെ സമീപിച്ച് അനുമതി നേടിയെടുക്കാൻ ശ്രമിയ്ക്കുകയാണ് കമ്പനി. റീട്ടെയ്ൽ ഔട്ട്ലെറ്റുകളിലെ തിരക്ക് കുറയ്ക്കാനും ഇത് സഹായിക്കും. മാര്‍ച്ച് 25 ന് രാജ്യവ്യാപകമായി അടച്ച മദ്യവില്‍പ്പനശാലകള്‍ ചില സംസ്ഥാനങ്ങളില്‍ ഈ ആഴ്ച വീണ്ടും തുറന്നിട്ടുണ്ട്.
ജനത്തിരക്കൊഴിവാക്കാന്‍ ഡല്‍ഹിയില്‍ ചില്ലറ മദ്യ വില്‍പനയ്ക്ക് 70 ശതമാനം പ്രത്യേക സ്‌പെഷ്യല്‍ കൊറോണ ഫീസ് ഏര്‍പ്പെടുത്തി. പലയിടത്തും മദ്യ ഷാപ്പുകള്‍ക്ക് പുറത്ത് നീണ്ട വരികള്‍ ഉണ്ടായിരുന്നു.സാമൂഹിക അകലം പാലിക്കുന്ന ചട്ടങ്ങള്‍ അവഗണിച്ച് തടിച്ചുകൂടിയവരെ ലാത്തി പ്രയോഗിച്ച് പോലീസിനു പിന്‍തിരിപ്പിക്കേണ്ടിവന്നു. മുംബൈയില്‍ ക്യൂ നിയന്ത്രണാതീതമായപ്പോള്‍ മദ്യവില്‍പ്പനശാലകള്‍ വീണ്ടും അടച്ചു.