ഉത്പന്നങ്ങൾ വിറ്രഴിക്കാനുള്ള ബുദ്ധിമുട്ടൊഴിഞ്ഞ് കർഷകർ
കൊല്ലം: ലോക്ക് ഡൗൺ ഇളവിൽ ജില്ലയിലെ കാർഷിക വിപണികളും വ്യാപാര കേന്ദ്രങ്ങളും സജീവമായതോടെ കർഷകർക്ക് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള ബുദ്ധിമുട്ടൊഴിഞ്ഞു. ലോക്ക് ഡൗണിന്റെ ആദ്യ നാളുകളിലെ കർശന നിയന്ത്രണങ്ങളിൽ ഉൽപ്പന്നങ്ങൾ വിറ്രഴിക്കാനാതെ കർഷകർ വലഞ്ഞിരുന്നു. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രെമോഷൻ കൗൺസിലിന്റെ (വി.എഫ്.പി.സി.കെ) കാർഷിക വിപണികളുടെ പ്രവർത്തനങ്ങൾക്കും ആദ്യ ഘട്ടത്തിൽ പരിമിതികൾ ഉണ്ടായിരുന്നു.
എന്നാൽ ആദ്യ ആഴ്ച പിന്നിട്ടതോടെ വി.എഫ്.പി.സി.കെ വിപണി ഇടപെടൽ സജീവമാക്കി കർഷകരിലേക്ക് കൂടുതലിറങ്ങി. ഇതോടെ ബുദ്ധിമുട്ടുകൾ ഒരു പരിധിവരെ മാറിയെങ്കിലും നാട്ടിലെ വിപണന കേന്ദ്രങ്ങൾ അടഞ്ഞുകിടക്കുന്നത് വിൽപ്പനയെ ബാധിച്ചിരുന്നു.
എന്നാൽ ലോക്ക് ഡൗൺ ഇളവുകൾ കൂടുതൽ പ്രാബല്യത്തിൽ വന്നതോടെ കപ്പക്കുല, പൂവൻ തുടങ്ങി മുമ്പ് വിപണിയില്ലാതിരുന്ന ഉൽപ്പന്നങ്ങൾക്കും ആവശ്യക്കാരേറി. ഇളവുകളിൽ ചെറിയ കടകൾ വ്യാപകമായി തുറന്നതോടെ കൂടുതൽ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനാകുന്നത് വിപണിയിൽ പൊതുവെ ഉണർവ് നൽകുന്നുണ്ട്.
ഓൺലൈൻ വിൽപ്പന സജീവം
ലോക്ക് ഡൗണിൽ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയാതെ ബുദ്ധിമുട്ടിയ കർഷകർ വിപണനത്തിന് പുതിയ സാദ്ധ്യതകൾ തേടിയിരുന്നു. വീടിന് മുന്നിൽ ജൈവ വിപണി, ഓൺലൈൻ വിപണി തുടങ്ങി അന്ന് തുടങ്ങിയ വിപണന മാർഗങ്ങൾ ഇപ്പോഴും സജീവമായി കൊണ്ടുപോവുകയാണ് മിക്കവരും.
.................................
കൈത്താങ്ങായി
വി.എഫ്.പി.സി.കെ
വി.എഫ്.പി.സി.കെയുടെ ജില്ലയിലെ 23 പ്രധാന വിപണികളും 16 സബ് സെന്ററുകളും സജീവമാണ്. ലോക്ക് ഡൗണിന്റെ ആദ്യ ദിനങ്ങളിൽ താളം തെറ്റിയ വിപണി രണ്ടാമത്തെ ആഴ്ച മുതൽ സജീവമായി. ഇപ്പോൾ സാമൂഹിക അകലം പാലിച്ച് ലേലം വിളിക്കാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. ചെറിയ കടകൾ തുറന്നതോടെ കൂടുതൽ ആവശ്യക്കാർ എത്തുന്നുണ്ട്. ന്യായമായ വിലയും കർഷകർക്ക് ഉറപ്പ് വരുത്തുന്നുണ്ട്.
ജില്ലാ മാനേജർ: 94479 88455
ഹോർട്ടി കോർപ്പ്
ലോക്ക് ഡൗണിൽ ഉത്പന്നങ്ങൾ വിറ്റഴിക്കാനാകെ ബുദ്ധിമുട്ടുന്ന കർഷകരെ സഹായിക്കാൻ ഹോർട്ടി കോർപ്പ് പ്രാദേശിക സംഭരണം ശക്തമാക്കിയിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വാഹനം അയച്ചാണ് സാധനങ്ങൾ സംഭരിച്ചത്. ഇത്തരം ഉൽപ്പന്നങ്ങൾ ന്യായ വിലയിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുമായി.
കൊല്ലം: 0474 2548626
..................................