ബ്രേക്ക് ദി ചെയിൻ കോർണറുകൾ ഉപയോഗശൂന്യം
കൊല്ലം: ലോക്ക് ഡൗൺ ഇളവുകൾ ആഘോഷമാക്കി നിരത്തുകളിൽ ജന തിരക്കേറുന്നു. പുറത്തിറങ്ങുന്നവരിൽ മിക്കവരും മാസ്ക് അല്ലെങ്കിൽ തൂവാല ഉപയോഗിച്ച് വായും മുഖവും മറയ്‌ക്കുന്നുണ്ടെങ്കിലും സാമൂഹിക അകലം പാലിക്കുന്നില്ല. മത്സ്യ - ഇറച്ചി വിൽപ്പന കേന്ദ്രങ്ങൾ, പൊതുഇടങ്ങൾ, പച്ചക്കറി കടകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ പാലിക്കാൻ ജനം തയ്യാറാകുന്നില്ല.
റോഡിൽ വാഹനങ്ങളുടെ എണ്ണവും വൻ തോതിൽ ഉയരുകയാണ്. സ്വകാര്യ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകിയെങ്കിലും അതിനെല്ലാം കൃത്യമായ മാനദണ്ഡങ്ങൾ സർക്കാർ നിശ്ചയിച്ചിരുന്നു. സാമൂഹിക അകലം ഉറപ്പുവരുത്താൻ മൂന്നിലൊന്ന് ജീവനക്കാരെ ഉപയോഗിച്ചാണ് സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നത്. കൊവിഡ് പ്രതിരോധത്തിനായി സർക്കാർ മുന്നോട്ട് വെച്ച നിർദേശങ്ങളൊന്നും പ്രയോഗിക തലതത്തിൽ നടപ്പിലാകുന്നിലെന്നതാണ് ഇളവുകളുടെ ആദ്യ ആഴ്ചയിൽ ജില്ലയിലെ നിരത്തുകളിൽ ദൃശ്യമാകുന്നത്.
ജനങ്ങളുടെ കൂടിചേരലുകൾ ഒഴിവാക്കാൻ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്. എന്നിട്ടും നിരത്തിൽ അനാവശ്യമായി തിരക്ക് ഉയരുന്നതിന്റെ കാരണം കണ്ടെത്താനാകാതെ വലയുകയാണ് പൊലീസ്. എല്ലാ പ്രധാന കേന്ദ്രങ്ങളിലും പൊലീസ് ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് പരിശോധന നടത്തുന്നുണ്ടെങ്കിലും മിക്കപ്പോഴും ഗതാഗത കുരുക്ക് അനുഭവപ്പെടുകയാണ്.
സാമൂഹിക അകലം പാലിക്കണം
കൊവിഡ് പ്രതിരോധത്തിനായി മാർച്ച് 24 മുതൽ തുടരുന്ന ലോക്ക് ഡൗണിന്റെ ലക്ഷ്യങ്ങളെയാകെ അട്ടിമറിക്കുന്ന തരത്തിലാണ് പൊതുഇടങ്ങളിൽ ജനക്കൂട്ടമുണ്ടാകുന്നത്. സാമൂഹിക അകലം ഉറപ്പ് വരുത്തുക മാത്രമാണ് കൊവിഡ് പ്രതിരോധത്തിന് വേണ്ടത്. അനാവശ്യമായ യാത്രകളും വ്യാപാര കേന്ദ്രങ്ങളിലെ സന്ദർശനങ്ങളും ഒഴിവാക്കണം.
ശ്രദ്ധിച്ചില്ലെങ്കിൽ കൈവിട്ടുപോകും
1. അനാവശ്യ യാത്രകൾ പൂർണമായും ഒഴിവാക്കണം
2. അവശ്യസാധനങ്ങൾ വീടിനടുത്തുള്ള കടകളിൽ നിന്ന് വാങ്ങുക
3. സാധനങ്ങൾ വാങ്ങാനെന്ന പേരിൽ കിലോമീറ്ററുകൾ ചുറ്റരുത്
4. പുറത്തിങ്ങുമ്പോൾ ഇടയ്ക്കിടെ കൈകൾ കഴുകണം
5. വായും മൂക്കും മറച്ച് മാസ്ക് ധരിക്കണം
6. കൂട്ടം കൂടാൻ ഇടവരുത്തരുത്
7. ചടങ്ങുകളും ആഘോഷങ്ങളും പരിമിതപ്പെടുത്തണം
8. ആശുപത്രികളിലെ രോഗീ സന്ദർശനം ഒഴിവാക്കണം
''
സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടുന്നവർക്കെതിരെ നടപടിയുണ്ടാകും. മാസ്ക് ധരിച്ച് മാത്രമേ പൊതു സ്ഥലങ്ങളിൽ ഇറങ്ങാവൂ.
ടി.നാരായണൻ
സിറ്റി പൊലീസ് കമ്മിഷണർ