കരുനാഗപ്പള്ളി: ഗ്രാമീണ മേഖലയുടെ വികസനത്തിനായി പ്രളയ ഫണ്ടിൽ നിന്നാ സംസ്ഥാന സർക്കാർ കുലശേഖരപുരം പഞ്ചായത്തിന് അനുവദിച്ച 1.28 കോടി രൂപ ഭരണകക്ഷിയായ സി.പി.എം അംഗങ്ങളുടെ വാർഡുകളിൽ മാത്രം വിനിയോഗിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് മെമ്പർമാർ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിക്കുകയും പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുകയും ചെയ്തു.
പ്രളയഫണ്ട് ഉപയോഗിച്ച് കുലശേഖരം പഞ്ചായത്തിലെ 7, 12, 18, 19 വാർഡുകളിലെ വിവിധ റോഡുകളുടെ നവീകരണത്തിന് ഭരണാനുമതി ലഭിച്ചതായി പത്രവാർത്ത വന്നതോടെയാണ് കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ വിവരമറിയുന്നത്. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ കോൺഗ്രസ് അംഗങ്ങൾ ഇതിനെ ചോദ്യം ചെയ്തു. തുടർന്നാണ് മെമ്പർമാർ യോഗം ബഹിഷ്കരിച്ചത്. കോൺഗ്രസ് ഓച്ചിറ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് നീലികുളം സദാനന്ദൻ ഉപരോധം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എം. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. പുരം സുധീർ, രാജേഷ്, യൂസഫ് കൊച്ചയ്യം, അലാവുദ്ദീൻ, രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.