prathi
സുചിത്രയെ കൊലപ്പെടുത്തിയ പ്രശാന്തുമായി കൊല്ലം കല്ലുംതാഴത്ത് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തുന്നു

കൊല്ലം: ഒന്നര മാസം മുമ്പ് കൊല്ലത്തുനിന്ന് കാണാതായ മുഖത്തല നടുവിലക്കര ശ്രീവിഹാറിൽ സുചിത്രയെ (42) കൊലപ്പെടുത്തിയ കോഴിക്കോട് ചങ്ങരോത്ത് സ്വദേശി പ്രശാന്തുമായി (32) ക്രൈം ബ്രാഞ്ച് സംഘം കൊല്ലത്ത് തെളിവെടുപ്പ് നടത്തി.

സുചിത്രയെ പാലക്കാട്ടേക്ക് കൂട്ടിക്കൊണ്ടുപോകാൻ പ്രശാന്ത് കാറിൽ കയറ്റിയ കല്ലുംതാഴം ജംഗ്ഷനിലെത്തിച്ചാണ് തെളിവെടുത്തത്. തുടർന്ന് ചോദ്യം ചെയ്യലിനായി ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി. ഈ മാസം നാലിനാണ് പ്രതിയെ എട്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

സുചിത്രയെ കൊലപ്പെടുത്തിയ പാലക്കാട് മണലിയിലെ വാടക വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സുചിത്രയുടെ ആഭരണങ്ങൾ, മൃതദേഹം കുഴിച്ചിടാൻ ഉപയോഗിച്ച തൂമ്പ തുടങ്ങിയവ കണ്ടെത്തിയെങ്കിലും മൃതദേഹം മുറിക്കാനുപയോഗിച്ച ആയുധം ലഭിച്ചിരുന്നില്ല. ഇത് കണ്ടെത്താനായി പ്രശാന്തിനെ വീണ്ടും പാലക്കാട്ടേക്ക് കൊണ്ടുപോകും. ജില്ലാ ക്രൈം ബ്രാഞ്ച് എ.സി.പി ബി. ഗോപകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

ഭാര്യയുടെ ബന്ധുവായ സുചിത്രയുമായി സംഗീതാദ്ധ്യാപകനായ പ്രശാന്ത് സൗഹൃദത്തിലായിരുന്നു. കൊല്ലത്തെ ബ്യൂട്ടി പാർലറിൽ പരിശീലകയായ സുചിത്ര എറണാകുളത്ത് ബ്യൂട്ടീഷ്യൻ കോഴ്സിന് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ വിവാഹ മോചിതയായ ഇവർ ഭർത്താവിന്റെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞാണ് ബ്യൂട്ടി പാർലറിൽ നിന്ന് അവധിയെടുത്തത്.

കൊല്ലം കല്ലുംതാഴത്ത് കാത്തുനിന്ന പ്രശാന്ത് സുചിത്രയെ കാറിൽ പാലക്കാട്ടേക്ക് കൊണ്ടുപോയി. ജില്ലാ ക്രൈം ബ്രാഞ്ച് തുടക്കം മുതൽ ഇയാളെ സംശയിച്ചെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകി ഒഴിഞ്ഞുമാറി. പിന്നീട് തെളിവുകൾ നിരത്തി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.