അഞ്ചൽ: ഭർത്തൃവീട്ടിൽ വച്ച് പാമ്പുകടിയേറ്റ് ചികിത്സയിൽ രക്ഷപ്പെട്ട യുവതി ഒരു മാസത്തിനുശേഷം സ്വന്തംവീട്ടിൽ രാത്രി ഉറങ്ങികിടക്കവേ പാമ്പുകടിയേറ്റ് മരിച്ചു. ഏറം വെള്ളശേരി വീട്ടിൽ വിജയസേനൻ - മണിമേഖല ദമ്പതികളുടെ മകളും അടൂർ പറയ്ക്കോട് കാരയ്ക്കൽ ശ്രീസൂര്യയിൽ സൂരജിന്റെ ഭാര്യയുമായ ഉത്തരയാണ് (25) മരിച്ചത്. യുവതിക്കൊപ്പം അതേ മുറിയിൽ മറ്റൊരു കട്ടിലിൽ ഉറങ്ങിക്കിടന്ന ഒരു വയസുള്ള ഏകമകൻ ധ്രുവും യുവതിയുടെ അച്ഛനും പാമ്പുകടിയേൽക്കാതെ രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ വിളിച്ചിട്ടും ഉത്തര എഴുന്നേൽക്കാത്തതിനെത്തുടർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ പാമ്പുകടിച്ചതായും ഏറെനേരം മുമ്പേ മരിച്ചതായും ഡോക്ടർമാർ സ്ഥിരീകരിച്ചു.
ബന്ധുക്കൾ വീട്ടിലെത്തി നടത്തിയ പരിശോധനയിൽ മുറിക്കുള്ളിൽ മൂർഖൻപാമ്പിനെ കണ്ടെത്തി. വീട്ടുകാർ അതിനെ അടിച്ചുകൊന്നു. കഴിഞ്ഞ മാസം അടൂരിൽ ഭർത്താവിന്റെ വീട്ടിൽ വച്ചും ഉത്തരയ്ക്ക് പാമ്പുകടിയേറ്റിരുന്നു. ചികിത്സയ്ക്കു ശേഷം ഏറത്തെ കുടുംബവീട്ടിൽ കഴിയവേയാണ് വിധി പാമ്പിന്റെ രൂപത്തിൽ പിന്തുടർന്നപോലെ മൂർഖൻ കടിച്ചത്. തുറന്നിട്ടിരുന്ന ജനാലയിലൂടെ പാമ്പ് അകത്തുകടന്നതാണെന്നാണ് കരുതുന്നത്.