rain

 കാറ്റിൽ പരക്കെ നാശം

കൊല്ലം: കനത്ത ചൂട് ശമിപ്പിച്ച് തുടർച്ചയായി വേനൽമഴ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ദിവസങ്ങളായി ഉച്ചയ്ക്ക് ശേഷം സാമാന്യം ഭേദപ്പെട്ട മഴ ലഭിക്കുന്നുണ്ട്. എന്നാൽ മഴയ്ക്കൊപ്പമെത്തുന്ന കനത്ത കാറ്റും ഇടിമിന്നലും വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങളുണ്ടാക്കി. കാറ്റിൽ മരങ്ങൾ കടപുഴകിയതും ഇടിമിന്നലിൽ വൈദ്യുതോപകരണങ്ങൾ നശിച്ചതും കൊവിഡ് കാലത്ത് ഇരട്ടി ദുരിതമായി. വടുകൾക്ക് വലിയ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയില്ലെങ്കിലും കിഴക്കൻ മലയോര മേഖലയിലടക്കം മരങ്ങൾ കടപുഴകുന്നത് പതിവായി. തീരദേശ മേഖലകളിൽ മഴയ്ക്കൊപ്പം ശക്തമായ തിരമാലകൾ രൂപപ്പെടുന്നുണ്ടെങ്കിലും രൂക്ഷമായ കടലാക്രമണത്തിന്റെ സ്വഭാവത്തിലേക്ക് മാറിയിട്ടില്ല. വേനൽ മഴയ്ക്ക് പിന്നാലെ എത്തുന്ന കാലവർഷത്തിൽ കടലാക്രമണം ശക്തമാകുന്ന പതിവുണ്ട്. കരുനാഗപ്പള്ളി, ആലപ്പാട്, കൊല്ലം, ഇരവിപുരം തീരമേഖല എന്നിവിടങ്ങളിൽ കടൽക്ഷോഭത്തെ നേരിടാൻ മുന്നൊരുക്കങ്ങൾ വേണമെന്ന ആവശ്യത്തിലാണ് തീരദേശവാസികൾ. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ആലപ്പാട്ടും കൊല്ലത്തും കടലെടുത്ത വീടുകളും ജീവിതങ്ങളും അനവധിയാണ്.