fier

കൊല്ലം: ഓട്ടിസം ബാധിച്ച കുട്ടിയുടെ സംരക്ഷകരായ നിർദ്ധന ബന്ധുക്കൾക്ക് കൈത്താങ്ങുമായി അഗ്നിശമന സേന. തലചായ്ക്കാൻ അടച്ചുറപ്പുള്ള വീടില്ലാതെ ബുദ്ധിമുട്ടിലായ കുടുംബത്തിന് പുതിയ വീട് നിർമ്മിച്ചുനൽകിയാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മാതൃകയായത്. ഓട്ടിസം ബാധിച്ച കുട്ടിക്കുള്ള മരുന്നുമായി എത്തിയപ്പോഴാണ് ഇരണൂർ സ്വദേശി ഓമനഅമ്മയുടെ കുടുംബത്തിന്റെ ദുരവസ്ഥ ഇവർക്ക് മനസിലായത്.

ഓമന അമ്മയുടെ വീട്ടിലാണ് മകന്റെ മകളുടെ കുട്ടിയായ ഓട്ടിസം ബാധിച്ച ബാലൻ കഴിയുന്നത്. കുട്ടിയുടെ അമ്മയ്ക്ക് കടുത്ത മാനസിക വിഭ്രാന്തിയാണ്. ഇവർക്ക് കുട്ടിയെ തിരിച്ചറിയാൻപോലും സാധിക്കാത്ത അവസ്ഥയായപ്പോഴാണ് ബന്ധുക്കൾ കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തത്. കുട്ടിയുടെ അച്ഛനാകട്ടെ ഇവരെ ഉപേക്ഷിച്ച് പോയി. ഓമനയമ്മ, മകൾ വത്സല, ചെറുമകൾ ശ്രീദേവി, ഇവരുടെ മകൻ ശ്രീജിത്ത് എന്നിവരാണ് മേൽക്കൂര ഇടിഞ്ഞു വീണ വീടിനു സമീപം പൊളിഞ്ഞു വീഴാറായ ഷെഡിൽ താമസിച്ചിരുന്നത്. മൂന്ന് സ്ത്രീകളും മാരകമായ അസുഖങ്ങൾക്ക് ചികിത്സയിലുമാണ്. ഓരോ തവണ കുട്ടിക്ക് മരുന്നെത്തിക്കുമ്പോഴും ഇവരുടെ അവസ്ഥ ഉദ്യോഗസ്ഥരെ അലോസരപ്പെടുത്തി. തുടർന്നാണ് കുടുംബത്തിന് വീടുനിർമ്മിച്ച് നൽകാൻ ഫയർഫോഴ്സ് തീരുമാനിച്ചത്. ഇപ്പോൾ താമസിക്കുന്ന ഷെ‌ഡ് പൊളിച്ചുമാറ്റിയാണ്

കൊട്ടാരക്കര ഫയർഫോഴ്സ് ഓഫീസർ ശിവകുമാറിന്റെ നേതൃത്വത്തിൽ പുതിയ വീട് നിർമ്മിച്ചത്. ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാറിന്റെയും കൊട്ടാരക്കര അഗ്നിശമന നിലയത്തിലെ മറ്റ് ഉദ്യോഗസ്ഥരുടെയും സിവിൽ ഡിഫൻസ് അംഗങ്ങളുടെയും പ്രവർത്തന ഫലമായി പൂർത്തീകരിച്ച വീടിന്റെ താക്കോൽ

ജില്ലാ ഫയർ ഓഫീസർ ഹരികുമാർ കൈമാറി.