ചാത്തന്നൂർ: വേനൽ മഴ കടുത്തതോടെ ചിറക്കര പഞ്ചായത്തിൽ നിരവധി വീടുകൾ തകരുകയും വ്യാപകമായി കൃഷിനാശമുണ്ടാവുകയും ചെയ്തു. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന മരം വീണ് വീട് പോളച്ചിറ തെങ്ങുവിള തെക്കതിൽ സതിയുടെ വീട് തകർന്നു. നെടുങ്ങോലം കോട്ടേക്കുന്നിന് സമീപം നിർദ്ധനയായ വയോധിക സുശീല താമസിച്ചിരുന്ന സഹോദരിയുടെ മകന്റെ വീടിന്റെ മേൽക്കൂര ശക്തമായ കാറ്റിൽ പറന്നുപോയി. ആശ്രയ ഗുണഭോക്താവായ സുശീല സഹോദരിയുടെ സംരക്ഷണത്തിലാണ് ഇവിടെ കഴിഞ്ഞു വന്നിരുന്നത്. ഇടവട്ടം പൊയ്ക പണവീട്ടിൽ കമലാക്ഷി അമ്മയുടെ വീടിന്റെ ഷീറ്റിട്ട മേൽക്കൂരയും ശക്തമായ കാറ്റിലും മഴയിലും തകർന്നു. ചിറക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദീപു, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മധുസൂധനൻ പിള്ള, ഉല്ലാസ് കൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് അംഗം സിന്ധുമോൾ, ചാർജുള്ള സ്‌പെഷ്യൽ തഹസിൽദാർ വിനുരാജ്, ചിറക്കര വില്ലേജ് ഓഫീസർ ജ്യോതിഷ് , ചിറക്കര ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥൻ സുരേഷ് , സാമൂഹിക പ്രവർത്തകൻ രജനീഷ് തുടങ്ങിയവർ മഴക്കെടുതി പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിഗതികൾ വിലയിരുത്തി.
അപകടാവസ്ഥയിൽ നിരവധി മരങ്ങൾ
ഏഴോളം വീടുകൾക്ക് ഭീഷണിയായി ഏത് സമയവും വീഴാവുന്ന അവസ്ഥയിൽ ഇനിയും നിരവധി മരങ്ങൾ നിൽക്കുന്നുണ്ട്. പ്രദേശവാസികളുടെ പരാതികളെ തുടർന്ന് അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന് പഞ്ചായത്ത് അധികൃതർ പല തവണ ആവശ്യപ്പെട്ടിട്ടും ഇതുവരെ മുറിച്ചു മാറ്റിയിട്ടില്ല.