പുനലൂർ: ലോക്ക്ഡൗണിന് ശേഷം ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായി കൊല്ലം-തിരുനെൽവേലി പാതയിൽ എൻജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി. ചെന്നൈയിൽ നിന്ന് മൂന്ന് ബോഗികളുള്ള ട്രെയിനിലെത്തിയ ഉദ്യോഗസ്ഥ സംഘം ഇന്നലെ ഉച്ചക്ക് 1 ഓടെ പുനലൂർ റെയിൽവേ സ്റ്റേഷനിലെത്തി. തുടർന്ന് കൊല്ലം വരെ പരിശോധന നടത്തിയ സംഘം വൈകിട്ട് 4 ഓടെ മടങ്ങി. പുനലൂർ മുതൽ കൊല്ലം വരെയുള്ള 70 കിലോമീറ്റർ വേഗതയിൽ ട്രെയിൻ സർവീസ് നടത്താവുന്ന തരത്തിലാണ് ട്രാക്ക് ക്രമീകരിച്ചിരിക്കുന്നത്. ട്രാക്കിൽ എന്തെങ്കിലും തകരാറുണ്ടെങ്കിൽ പരിഹരിക്കാനുള്ള പരിശോധനയാണ് ഇന്നലെ നടന്നത്. അസി. ഡിവിഷണൽ എൻജിനീയർ കപിലൻ, പുനലൂർ സെക്ഷൻ ഓഫീസർ വത്സലൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ട്രാക്ക് പരിശോധന. പുനലൂർ - ചെങ്കോട്ട റൂട്ടിലെ പരിശോധനകൾ കഴിഞ്ഞ ശേഷം ഉദ്യോഗസ്ഥ സംഘം ചെങ്കോട്ടയിൽ നിന്നാണ് പുനലൂരിലെത്തിയത്. തമിഴ്നാട്ടിൽ കൊവിഡ് വ്യാപന മേഖലയായ റെഡ് സോണുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ട്രെയിനിൽ കൊല്ലം വരെയെത്തി വൈകിട്ട് 4 ഓടെ മടങ്ങിയതിൽ വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.