ചാരുംമൂട് : വെറുമൊരു പേരിന്റെ അടിസ്ഥാനത്തിൽ ' ടീം ഒരു പണിയുമില്ല" എന്ന കൂട്ടായ്മയിലെ അംഗങ്ങളെ വിലകുറച്ചു കാണരുത്. കഴിഞ്ഞ നാലു വർഷങ്ങളായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് ഈ വാട്ട്സ് ആപ്പ് കൂട്ടായ്മ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമ്പതിനായിരം രൂപ സമാഹരിച്ചു നൽകിയതാണ് അവസാനത്തെ പ്രവർത്തനം.
ജോലിയില്ലാതിരുന്നപ്പോൾ,കൊല്ലം പോരുവഴി സ്വദേശികളായ ഏതാനും ചെറുപ്പക്കാർ 4 വർഷം മുമ്പാണ് ' ടീം ഒരു പണിയുമില്ല" എന്ന പേരിൽ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് . പിന്നീട് ഇവർ നാലും വിദേശത്തും സ്വദേശത്തുമായി ജോലിയിൽ പ്രവേശിച്ചു. അവിടെ നിന്നുള്ള സുഹൃത്തുക്കളെയുംചേർത്ത് ഗ്രൂപ്പ് വിപുലമാക്കി. സംസ്ഥാനത്തൊട്ടാകെ 256 അംഗങ്ങളാണ് ഇപ്പോൾ ഗ്രൂപ്പിലുള്ളത്. പരസ്പരം കണ്ടിട്ടുപോലുമില്ലാത്തവർ തമ്മിൽ പക്ഷെ ഒരു ആയുഷ്കാലത്തെ പരിചയം പോലെയാണ് ഗ്രൂപ്പിലെ സംഭാഷണങ്ങളിൽ ഏർപ്പെടുന്നത്. കൊവിഡ് വന്നു ഭേദമായ കോട്ടയം ജില്ലാ ആശുപത്രി നഴ്സ് ആയ ഒളശ്ശ സ്വദേശിയും ഗ്രൂപ്പ് മെമ്പർ ആണ്. മറ്റൊരു മെമ്പർ ദുബായിൽ കൊവിഡ് ചികിത്സയിലാണ് .
ഏതാനും മാസങ്ങൾക്ക് മുൻപ് പാലക്കാടുകാരനായ ഒരു ഗ്രൂപ്പ് മെമ്പർ അപകടത്തിൽപ്പെട്ടപ്പോൾ അടിയന്തര ശസ്ത്രക്രിയക്കായി കൂട്ടായ്മ ഒരു ലക്ഷത്തോളം രൂപ പിരിച്ചു നൽകിയതോടെയാണ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകി തുടങ്ങിയത്. ഇപ്പോൾ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി രണ്ടു ദിവസം കൊണ്ടാണ് അമ്പതിനായിരം രൂപ സമാഹരിച്ചത്. പ്രവാസികൾ അടക്കമുള്ളവരുടെ സഹായം കൊണ്ടാണ് ഇത്രയും പെട്ടെന്ന് തുക സമാഹരിക്കാൻ കഴിഞ്ഞതെന്ന് ഗ്രൂപ്പ് അഡ്മിൻമാരായ ലിനുവും രാകേഷ് ബോസും പറഞ്ഞു. കൊല്ലം ജില്ലാ കളക്ടർ ബി അബ്ദുൽ നാസറിന് അൻപതിനായിരം രൂപയുടെ ചെക്ക് ഗ്രൂപ്പ് അംഗങ്ങളായ അശ്വന്ത് രാഹുൽ, ദിലീപ് എന്നിവർ ചേർന്ന് കൈമാറി.