കുന്നത്തൂർ: കുന്നത്തൂർ ഞാങ്കടവ് പാലത്തിനു സമീപത്ത് നിന്ന് മണൽ ഖനനം നടത്താനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കം കർമ്മസമിതിയും നാട്ടുകാരും ചേർന്ന് തടഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ പത്തോടെയാണ് ആർ.ഡി.ഒ, നിർമിതി അധികൃതർ, തഹസീൽദാർ, വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ളവർ പൊലീസ് അകമ്പടിയോടെ ഖനനത്തിന് എത്തിയത്. ജെ.സി.ബി ഉപയോഗിച്ച് പഞ്ചായത്തിന്റെ അധീനതയിലുള്ള കൽക്കെട്ടും കോൺക്രീറ്റ് പാതയും പൊളിക്കാനുള്ള ശ്രമമാണ് പ്രതിഷേധക്കാർ തടഞ്ഞത്.
വിവരം അറിയിച്ചു. സമരക്കാരുമായി തന്റെ ചേമ്പറിൽ ചർച്ച നടത്തിയ ശേഷം തുടർനടപടി സ്വീകരിക്കാമെന്ന് കളക്ടർ അറിയിച്ചതിനെ തുടർന്നാണ് സമരത്തിന് അയവുണ്ടായത്. വിഷയത്തിൽ കർമസമിതിയുടെ ഹൈക്കോടതിയിൽ കേസും ഫയൽ ചെയ്തിട്ടുണ്ട്.
ലോക്ക്ഡൗൺ ലംഘനത്തിന് സമരത്തിന് നേതൃത്വം നൽകിയ പഞ്ചായത്തംഗം ശ്രീകല, കർമസമിതി ഭാരവാഹികളായ മനോജ് അയണിപിള്ളി, മഞ്ജിത്ത് മാധവൻ, പ്രജീഷ്, സുരേഷ് ഞാങ്കടവ്, മുകേഷ്,നാരായണപിള്ള, ബേബി സുലോചന, അജികുമാർ, സുരേഷ് ബാബു, ശ്രീദേവി, വിജയമ്മ ഉൾപ്പെടെ നിരവധി പേർക്കെതിരെ പൊലീസും കേസെടുത്തു. ഞാങ്കടവിൽ ഖനനം നടത്താനുള്ള യാതൊരു അനുമതിയും കുന്നത്തൂർ പഞ്ചായത്ത് ഓഫീസിൽ നിന്നും വാങ്ങിയിട്ടില്ലെന്നും റോഡും കുളിക്കടവും പൊളിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയപ്പോഴാണ് പഞ്ചായത്ത് അധികൃതർ വിവരമറിയുന്നതുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
പരിസ്ഥിതിക്കും ഭീഷണി
പരിസ്ഥിതിലോല പ്രദേശമായ കുന്നത്തൂർ ഞാങ്കടവിൽ മണൽഖനനം നടത്തിയാൽ വൻ പാരിസ്ഥിതിക പ്രശ്നങ്ങളാകും ഉണ്ടാകുക. ഇതിനൊപ്പം ഞാങ്കടവ് പാലത്തിന്റെ നിലനിൽപ്പിനും സമീപത്തെ റോഡിനും ഇത് ഭീഷണിയാകും. ഇതെല്ലാം അറിയമായിരുന്നിട്ടും നടത്തിയ ഖനനീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ലക്ഷ്യം ധനസ്ഥിതി മെച്ചപ്പെടുത്തുകയോ?
സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നിരോധനം നിലനിൽക്കുന്ന കല്ലടയാറ്റിൽ നിന്നും മണൽ കൊള്ള നടത്താൻ ജില്ലാ ഭരണകൂടം രംഗത്തെത്തിയതെന്നാണ് ആരോപണം. മൺറോതുരുത്ത്, കുന്നത്തൂർ ഞാങ്കടവ് പാലം എന്നിവിടങ്ങളിൽ നിന്ന് മണൽ വാരാനാണ് സർക്കാർ ത്തരവ്. പ്രളയശേഷം അടിഞ്ഞു കൂടിയ മണൽ ശേഖരിച്ച് ജില്ലാ നിർമിതി കേന്ദ്രത്തിന് കൈമാറാനാണ് തീരുമാനം. ശേഖരിക്കുന്ന മണൽ നിർമ്മിതികേന്ദ്രം സെക്രട്ടറിയുടെ പേരിൽ നടന്നുവരുന്ന പ്രവർത്തികൾക്കായി ഉപയോഗിക്കുകയോ വില്പന നടത്തുകയോ ചെയ്യും .ഇതിന്റെ കണക്കുകൾ സൂക്ഷിക്കേണ്ടതും ചെലവു കഴിച്ച് ബാക്കി തുക റിവർ മാനേജ്മെന്റ് ഫണ്ടിൽ ഒടുക്കണമെന്നും ഉത്തരവിൽ പറയുന്നു.