eagle-brittan

18-ാം നൂറ്റാണ്ടില്‍ ബ്രിട്ടണില്‍ സാധാരണയായി കണ്ടിരുന്നവയാണ് വെള്ള വാലുള്ള കഴുകന്‍. ആളുകൾ വേട്ടയാടിപ്പിടിക്കാൻ തുടങ്ങിയതോടെ ഈ കഴുകന്മാരെ നാട്ടിൽ കാണാതെയായി. എന്നാൽ ഇപ്പോൾ രണ്ടര നൂറ്റാണ്ടിന് ശേഷം സ്വന്തം നാട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണ് വെള്ള വാലുകള്ള ഇരപിടിയന്‍ കഴുകന്മാര്‍. ഇവയ്ക്ക് വംശനാശം സംഭവിച്ചതായാണ് പക്ഷി നിരീക്ഷകര്‍ ഉള്‍പ്പെടെ കരുതിയിരുന്നത്.

eagle

വെളുത്ത വാലും കഴുത്തുമാണ് ഇവയെ മറ്റ് കഴുകന്മാരില്‍ നിന്ന് വ്യത്യസ്‍തരാക്കുന്നത്. 2.5 മീറ്റര്‍ വിടര്‍ത്താവുന്ന ചിറകുകളാണ് ഇവയുടെ മറ്റൊരു പ്രത്യേകത. കടല്‍ കഴുകന്‍റെ വര്‍ഗത്തില്‍പ്പെട്ടവയാണ് ഇവ. ഏറ്റവും വിസ്‍താരത്തില്‍ ചിറക് വിടര്‍ത്താന്‍ കഴിയുന്ന പക്ഷികളും ഇവയാണ്. നിലവിലുള്ള പക്ഷി വര്‍ഗങ്ങളില്‍ ഏറ്റവും വലിപ്പമുള്ള ഇരപിടിയനും വെള്ള വാലുകള്ള കഴുകന്‍മാര്‍ തന്നെയാണ്. ഇവ ഇരപിടിക്കുന്ന രീതിയും വ്യത്യസ്‍തമാണ്. മൈലുകള്‍ താണ്ടി പറന്ന് പോയി ആഹാരം കണ്ടെത്തുന്ന രീതി ഇവയ്‍ക്കില്ല. ഇര മുന്നിലെത്തുന്നത് കാത്തിരിക്കുകയാണ് ചെയ്യുക. അടുത്തെത്തുന്ന ഇരയെ തക്കം പാർത്തിരുന്ന് പിടികൂടും.

1780-ലാണ് വെള്ള വാലുള്ള കഴുകനെ അവസാനമായി ഇംഗ്ലണ്ടില്‍ കണ്ടത്. വൈറ്റ് ദ്വീപിലെ ക്ലൂവര്‍ ക്ലിഫിലാണ് അവസാനം കണ്ടത്. 1918 ആയപ്പോഴേക്കും ഇവ ബ്രിട്ടനില്‍ നിന്ന് പൂര്‍ണമായി അപ്രത്യക്ഷമായി. സ്കോട്ട്ലന്‍ഡിലെ ഷെറ്റ്‍ലാന്‍ഡ് ദ്വീപിലുണ്ടായിരുന്ന അവസാനത്തെ കഴുകന്‍മാരെയും വേട്ടക്കാര്‍ വെടിവെച്ച് കൊന്നു. യൂറോപ്പിലെ മറ്റു രാജ്യങ്ങളിലും ഇവ ഇല്ലാതാകുന്നതായി റോയല്‍ സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ബേര്‍ഡ്‍സ് കണ്ടെത്തി. ഏഷ്യയിലും യൂറോപ്പിലുമാണ് ഇവ വ്യാപകമായി കണ്ടിരുന്നത്. എന്നാല്‍ ഏറെക്കാലമായി ഇവയുടെ എണ്ണം എല്ലായിടത്തും കുറഞ്ഞു വരികയാണ്.

ഇംഗ്ലണ്ട് വനം വകുപ്പും റോയ് ഡെന്നിസ് വൈല്‍ഡ് ലൈഫ് ഫൗണ്ടേഷനുമാണ് ഇവയുടെ തിരിച്ചുവരവിനായി പ്രയത്നിച്ചത്. ഇംഗ്ലണ്ടിന് നഷ്‍ടമായെന്ന് കരുതിയ ഈ പക്ഷിഭീമന്‍മാരെ കണ്ടെത്താനായി ഏറെക്കാലമായി റോയ് ഡെന്നിസ് വൈല്‍ഡ് ലൈഫ് ഫൗണ്ടേഷനിലെ അംഗങ്ങള്‍ ശ്രമിക്കുകയായിരുന്നു. സ്‍കോട്ട്ലന്‍ഡിലെ കാടുകളില്‍ നിന്നാണ് ഇവയെ കണ്ടെത്തിയത്. വൈറ്റ് ഐലന്‍ഡിലെത്തിച്ച പക്ഷികളെ ഫൗണ്ടേഷന്‍ അംഗങ്ങള്‍ നിരന്തരം നിരീക്ഷിച്ച് വരികയാണ്.

eagle