vijay-sethupati

വിശപ്പ് ഒരു രോഗമാണെന്നും അതിന് വാക്‌സിന്‍ കണ്ടുപിടിക്കണമെന്നും ട്വീറ്റ് ചെയ്ത് നടൻ വിജയ് സേതുപതി. ലോക്ക് ഡൗൺ കാലത്ത് ഒരു വലിയ വിഭാഗം തൊഴിലില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ട്വിറ്ററിലൂടെ വിജയ് സേതുപതിയുടെ പ്രതികരണം. മക്കൾ സെൽവന്റെ ട്വീറ്റിന് വലിയ പ്രതികരണമാണ് ലഭിച്ചത്.

'വിശപ്പ് എന്നൊരു രോഗമുണ്ട്. അതിന് ഒരു വാക്സിന്‍ കണ്ടുപിടിച്ചാല്‍ എത്ര നന്നായേനെ. എന്‍റെ ദൈവമേ', എന്നാണ് സേതുപതിയുടെ ട്വീറ്റ്. 43,000 ലൈക്കുകളും 6800ല്‍ ഏറെ ഷെയറുകളും 2100ല്‍ അധികം കമന്‍റുകളും ഈ ട്വീറ്റിന് ലഭിച്ചു.

വിശപ്പില്ലാതെ ലോകം ഇതുപോലെയാകില്ല എന്നാണ് സേതുപതിയുടെ ട്വീറ്റിന് മറുപടിയുമായി സംവിധായകന്‍ മോഹനന്‍ ജി എത്തിയിരിക്കുന്നത്.

വിശപ്പാണ് ആളുകളെ കഠിനാധ്വാനം ചെയ്യിക്കുന്നത്. വിശപ്പ് മാത്രമാണ് ആളുകളെ പരസ്പരം അനുകമ്പയുള്ളവരും സഹാനുഭൂതിയുള്ളവരും ആക്കുന്നത് വിശപ്പാണ്. പട്ടിണി നശിച്ചാല്‍ ലോകവും നശിപ്പിക്കപ്പെടുമെന്ന് സംവിധായകന്‍ ട്വീറ്റ് ചെയ്തു.

കൊവിഡ് സഹായനിധികളിലേക്ക് സഹായം നല്‍കിയ തമിഴ് താരങ്ങളുടെ പട്ടികയില്‍ വിജയ് സേതുപതിയുമുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് പ്രതിസന്ധിയിലായ സിനിമയിലെ ദിവസവേതനക്കാരെ സഹായിക്കാന്‍ ഫെഫ്‌സി (ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ) യുടെ സഹായനിധിയിലേക്ക് നല്‍കിയ 10 ലക്ഷം ഉള്‍പ്പെടെയാണ് ഇത്.

അശ്വത്ഥ് മാരിമുത്തു സംവിധാനം ചെയ്ത ഓ മൈ കടവുളേ എന്ന ചിത്രമാണ് വിജയ് സേതുപതിയുടേതായി അവസാനം തീയേറ്ററുകളില്‍ എത്തിയത്. അശോക് സെല്‍വനും റിതിക സിംഗും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ ദൈവത്തിന്റെ വേഷത്തിലായിരുന്നു വിജയ് സേതുപതി.