കൊല്ലം: "എനിയ്ക്ക് മാത്രം എന്താ ഇങ്ങിനെ. എന്താ കൊവിഡ് വിട്ടുപോകാത്തേ?" പാരിപ്പള്ളി മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിൽ ചികിത്സയിൽ കഴിയുന്ന പ്രാക്കുളം സ്വദേശിയായ വീട്ടമ്മ ചോദിക്കുന്നു. മാർച്ച് 29 നാണ് മദ്ധ്യവയസ്കയായ വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വീട്ടമ്മയുടെ സ്രവം ഇന്നലെ ഉൾപ്പടെ 11 തവണ പരിശോധനയ്ക്ക് അയച്ചു. 9,10 പരിശോധനകളുടെ ഫലം വന്നിട്ടില്ല. ബാക്കിയുള്ളവയിൽ മൂന്നാമത്തെ പരിശോധനാ ഫലം മാത്രമാണ് നെഗറ്റീവായത്. പരിശോധനാ ഫലം മൂന്ന് തവണ തുടർച്ചയായി നെഗറ്റീവ് ആയാലേ വീട്ടിലേക്ക് മടക്കി അയയ്ക്കൂ.
വീട്ടമ്മയ്ക്ക് കാര്യമായ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി. എന്നിട്ടും രോഗമുക്തമാകാത്തതിന്റെ കാരണം വ്യക്തമല്ല. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ സഹോദരീ ഭർത്താവിൽ നിന്നാണ് രോഗം പടർന്നത്. സഹോദരീ ഭർത്താവ് കൊവിഡ് മുക്തനായി നേരത്തേ മടങ്ങി.
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പുനലൂർ സ്വദേശികളായ ദമ്പതികളുടെ സ്ഥിതിയും സമാനമാണ്. തബ്‌ലീഗ് സമ്മേളനത്തിൽ മടങ്ങിയെത്തിയ ദമ്പതികളിലെ യുവതിക്ക് മാർച്ച് 31നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഭർത്താവിന് ഏപ്രിൽ രണ്ടിനും. ഇരുവരുടെയും സ്രവം ഇതുവരെ പത്ത് തവണ പരിശോധനയ്ക്ക് അയച്ചു. ഇടയ്ക്ക് ഒരുതവണ മാത്രമാണ് നെഗറ്റീവായത്.