pic

കൊല്ലം: തരിശ് ഭൂമിയിലടക്കം കൊല്ലത്ത് ആയിരം കേന്ദ്രങ്ങളിൽ കൃഷിയിറക്കാൻ അഖിലേന്ത്യാ കിസാൻ സഭ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ആദ്യഘട്ടത്തിൽ നെല്ല്, പച്ചക്കറി, മരച്ചീനി, വാഴ, കിഴങ്ങുവർഗങ്ങൾ ഉൾപ്പടെയുള്ള കൃഷികൾ ചെയ്യും. സംസ്ഥാന കൃഷി, ക്ഷീര വികസന, പൗൾട്രി, ഫിഷറീസ് വകുപ്പുകളുടെ സഹായത്തോടെ ഈ രംഗങ്ങളിലെ വിദഗ്ദ്ധരുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ജില്ലയിൽ വിപുലമായ കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റും സി.പി.ഐ നേതാവുമായിരുന്ന പി.കെ. ശ്രീനിവാസന്റെ ചരമ വാർഷിക ദിനമായ ഇന്നലെ അഞ്ചൽ ഏരൂരിൽ ജില്ലാതല ഉദ്ഘാടനം മന്ത്രി കെ. രാജു നിർവഹിച്ചു.

കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ ജില്ലയിൽ 1000 ഹരിത സേനകൾ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. 4 മുതൽ 10 വരെ അംഗങ്ങളുള്ള ഓരോ സേനയുടെയും നേതൃത്വത്തിൽ ഓരോ പ്രദേശത്തിനും അനുയോജ്യമായ വിളകൾ തിരഞ്ഞെടുത്ത് കൃഷിയിറക്കും. മത്സ്യ, ക്ഷീര, പൗൾട്രി മേഖലകളിലും ഹരിത സേനകളുടെ നേതൃത്വത്തിൽ ഉല്പാദനം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ കിസാൻ സഭ ആലോചിച്ചിട്ടുണ്ട്. ലോക പരിസ്ഥിതി ദിനത്തിൽ വീടുകളിലും പൊതുസ്ഥലങ്ങളിലും 25,000 ഫല വൃക്ഷ തൈകൾ നടും. സർക്കാർ വകുപ്പുകളിൽ നിന്ന് ലഭ്യമാകുന്ന തൈകൾ കൂടാതെ സ്വന്തം നിലയിലും ഉല്പാദിപ്പിക്കാനുമാണ് തീരുമാനം. കൃഷിയിറക്കുന്നത്: 1,000 കേന്ദ്രങ്ങളിൽ ഹരിത സേനകൾ: 1000 അംഗങ്ങൾ: 4 മുതൽ 10 വരെ പരിസ്ഥിതി ദിനത്തിൽ നടുന്നത്: 25,​000 ഫലവൃക്ഷങ്ങൾ