pic

കൊല്ലം: കൊവിഡും ലോക്ക് ഡൗണും സൃഷ്ടിച്ച ആഘാതത്തിൽ പ്രതീക്ഷകളെല്ലാം പിഞ്ചി പ്രതിസന്ധിയിലേക്ക് അനുദിനം നീങ്ങുകയാണ് ചെറുകിട വസ്ത്രവ്യാപാര മേഖല. നിലതെറ്റുന്ന ഈ മേഖലയ്ക്ക് കൂടുതൽ ഇളവുകൾ വേണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുകയാണ്. നിലവിൽ ഒറ്റ നിലയിൽ പ്രവർത്തിക്കുന്ന വസ്ത്രശാലകൾക്ക് മാത്രമാണ് അഞ്ച് ജീവനക്കാരുമായി പ്രവർത്തിക്കാൻ അനുമതി. ജില്ലയിലെ ചെറുകിട വസ്ത്ര വ്യാപാര മേഖലയിലെ കടകളിൽ മിക്കതും രണ്ട് നിലകളിലും അതിൽ കൂടുതലും പ്രവർത്തിക്കുന്നവരാണ്. ഇതോടെ ഭൂരിപക്ഷം ചെറുകിട സ്ഥാപനങ്ങൾക്കും തുറക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇതിന് പരിഹാരം ഉണ്ടാകണമെന്നും തങ്ങൾക്ക് കൂടി തുറന്ന് പ്രവർത്തിപ്പിക്കാൻ അവസരം തന്നില്ലെങ്കിൽ നഷ്ടത്തിന്റെ തോത് വർദ്ധിക്കുമെന്നാണ് ഇവർ പറയുന്നത്.

സീസൺ കാലത്ത് പലിശയ്ക്ക് പണമെടുത്ത് വലിയ തോതിൽ വസ്ത്രങ്ങൾ സംഭരിക്കുന്നവരും കടമായി വസ്ത്രങ്ങളെടുക്കുന്നവരുമാണ് ജില്ലയിലെ വ്യാപാരികളിൽ ഏറെയും. ഒരു മാസത്തിലേറെയായി കടകൾ അടഞ്ഞ് കിടക്കുന്നതിനാൽ ഇവരുടെ നഷ്ടം കണക്കെടുക്കാവുന്നതിനും അപ്പുറമാണ്.

വിഷു, ഈസ്റ്റർ, ഉത്സവ കാലത്തെ ഫാഷൻ സങ്കൽപ്പങ്ങൾക്കനുസരിച്ച് തയ്യാറാക്കിയ വസ്ത്രങ്ങളാണ് കടകളിൽ വിറ്റഴിക്കപ്പെടാനാകാതെ കിടക്കുന്നത്. അടുത്ത ഓണക്കാലത്ത് പുതിയ ഫാഷൻ ട്രെൻഡുകളെത്തും. അതിനാൽ സമയത്ത് വിൽപ്പന നടന്നില്ലെങ്കിൽ ഉണ്ടാകാവുന്ന നഷ്ടം ചെറുതല്ല.കഴിഞ്ഞ ഓണക്കാലത്തുണ്ടായ പ്രളയം വസ്ത്രവിപണന മേഖലയെ അപ്പാടെ തകർത്തിരുന്നു. കടകളിൽ വിറ്റഴിക്കാതെ കിടന്ന വസ്ത്രങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലും നിരാലംബർക്കുമായി വിതരണം ചെയ്‌തവരും കുറവല്ല. പ്രളയ ദുരിതം മറികടന്നെത്തിയ മേഖലയെ കൊവിഡ് പൂർണമായും തകർത്തിരിക്കുകയാണ്.