കൊല്ലം: കൊട്ടാരക്കര അവണൂർ, പത്തടി ഭാഗങ്ങളിൽ പേപ്പട്ടി ഇറങ്ങി, അഞ്ച് പേരെ കടിച്ചു. വളർത്ത് മൃഗങ്ങൾക്കും കടിയേറ്റു. വീടിനുള്ളിൽ അടുക്കള ജോലി ചെയ്തുകൊണ്ടിരുന്ന അവണൂർ നിസാർ മൻസിൽ ഷൈലയ്ക്കാണ് ആദ്യം കടിയേറ്റത്. അടുക്കള വാതിൽ വഴി കടന്ന പേപ്പട്ടി കാലിൽ കടിച്ച ശേഷം ഓടിപ്പോയി. അവണൂർ ജംഗ്‌ഷന്‌ സമീപം ജി.എസ് ഭവനിൽ ഗോപിനാഥൻപിള്ള, പെരുമ്പുറത്തുവീട്ടിൽ ജാനമ്മ, തെക്കേ ചെറുവാഴോട്ടു വീട്ടിൽ ഭാസ്കരൻപിള്ള, സലിം മനസിൽ ഷീന എന്നിവരെയും കടിച്ചു. പേപ്പട്ടിയിറങ്ങി എന്ന വാർത്ത പരന്നതോടെ ജനങ്ങൾ പരിഭ്രാന്തരായി. തുടർന്ന് നാട്ടുകാർ സംഘടിച്ച് പേപ്പട്ടിയെ തല്ലിക്കൊന്നു. നിരവധി പട്ടികൾക്കും വളർത്ത് മൃഗങ്ങൾക്കും പേപ്പട്ടിയുടെ കടിയേറ്റിട്ടുണ്ട്. പേപ്പട്ടിയുടെ കടിയേറ്റവർക്കു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ മതിയായ ചികിത്സയും മരുന്നും ലഭിച്ചില്ലെന്ന പരാതിയുമുണ്ട്.