കൊല്ലം: ലോക്ക് ഡൗൺ കാലത്ത് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടന്ന 185 പേർ ഇന്നലെ ആര്യങ്കാവ് അതിർത്തി വഴി കേരളത്തിൽ പ്രവേശിച്ചു. 99 വാഹനങ്ങളിലായാണ് ഇവരെത്തിയത്. റെഡ് സോണുകളിൽ നിന്നെത്തിയ 56 പേരെ സർക്കാരിന്റെ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിലാക്കി. 129 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതി. അതിർത്തി കടന്നെത്തുന്നവരെ ആരോഗ്യ വകുപ്പിന്റെ കർശന പരിശോധനകൾക്ക് ശേഷമാണ് നിരീക്ഷണ കേന്ദ്രങ്ങളിലേക്കും വീടുകളിലേക്കും അയച്ചത്. പനിയുടെ ലക്ഷണങ്ങൾ ഉള്ളവരെ ആശുപത്രിയിലേക്ക് മാറ്റാൻ പ്രത്യേക ആംബുലൻസുകൾ അതിർത്തിയിൽ സജ്ജമാണ്.
ചെക്ക് പോസ്റ്റ് വഴി സംസ്ഥാനത്ത് കടക്കുന്ന എല്ലാവരുടെയും വിവരങ്ങൾ പ്രദേശത്തെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണിലേക്ക് ഉടനടി കൈമാറും. ഇവർ വീടുകളിൽ നിർബന്ധിത നിരീക്ഷണത്തിൽ കഴിയുന്നുവെന്ന് ഉറപ്പ് വരുത്തേണ്ട ചുമതല ആരോഗ്യ വകുപ്പിനും തദ്ദേശ സ്ഥാപനങ്ങൾക്കും പൊലീസിനുമാണ്.