bhavana

ഫേസ്ബുക്കില്‍ തന്റെ പേരിലുള്ള വ്യാജ പേജിനെതിരെ നടി ഭാവന. തനിക്ക് ഫേസ്ബുക്കില്‍ അക്കൗണ്ട് ഇല്ലെന്നും തന്റെ പേരില്‍ മറ്റാരോ ആ അക്കൗണ്ടിൽ സജീവമാകുകയാണെന്നും താരം വെളിപ്പെടുത്തി. പേജ് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരാധകരോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു താരം. ഇന്‍സ്റ്റ​ഗ്രാമിലൂടെയാണ് ഭാവന വ്യാജ ഫേസ്ബുക്ക് പേജിനെതിരെ രം​ഗത്തെത്തിയത്. ഭാവനയുടെ ബന്ധുവും സിനിമാ പ്രവര്‍ത്തകനുമായ രാജേഷ് ബി മേനോനും ഇക്കാര്യം ചൂണ്ടിക്കാട്ടി രം​ഗത്തെത്തിയിട്ടുണ്ട്.

വിവാഹത്തിന് ശേഷം ബംഗളൂരുവിലാണ് ഭാവന താമസിക്കുന്നത്. 2018ലാണ് കന്നഡ നിര്‍മ്മാതാവ് നവീനിനെ ഭാവന വിവാഹം ചെയ്തത്. പൃഥ്വിരാജ് നായകനായ ആദം ജോണിന് ശേഷം ഭാവന മലയാളത്തില്‍ അഭിനയിച്ചിട്ടില്ല. തമിഴ് ചിത്രം 96ന്റെ കന്നഡ റീമേക്ക് 99ലൂടെയാണ് വിവാഹശേഷം ഭാവന അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. ‌ഇന്‍സ്പെക്ടര്‍ വിക്രം, ഭജ്രം​ഗി 2, ​ഗോവിന്ദ ​ഗോവിന്ദ എന്നിവയാണ് ഭാവനയുടെ പുതിയ ചിത്രങ്ങള്‍.

സിനിമാ താരങ്ങളുടെയും സെലിബ്രിറ്റികളുടെയും പേരുകളിലെല്ലാം തന്നെ ഇത്തരം അക്കൗണ്ടുകള്‍ വ്യാപകമാണ്. പലരും ഇതിനെതിരെ രംഗത്ത് വരാറുണ്ടെങ്കിലും ഒരു നടപടിയമുണ്ടാകാറില്ല. അടുത്തിടെ നടിമാരായ ശോഭന, സ്വാതി റെഡ്ഡി, സ്വാസിക തുടങ്ങിയവരെല്ലാം തങ്ങളുടെ പേരിലുളള വ്യാജ പ്രൊഫൈലുകള്‍ക്കെതിരെ രംഗത്തുവന്നിരുന്നു.