നടിയും സംവിധായികയുമായ സുഹാസിനി മണിരത്നം ലോക്ക്‌ഡൗണ്‍ കാലത്തെ ചില സംഭവങ്ങൾ കോർത്തിണക്കി ഹ്രസ്വചിത്രം ഉണ്ടാക്കുകയാണ്.. സുഹാസിനിയുടെ ആദ്യത്തെ ഷോര്‍ട്ട്ഫിലിമില്‍ അഹാനയാണ് കേന്ദ്രകഥാപാത്രമായി എത്തുന്നത്. 'ചിന്നഞ്ചിറു കിളിയേ' എന്നാണ് ചിത്രത്തിന്റെ പേര്. 20 മിനിറ്റ് ദെെർഖ്യമുള്ള ഈ ഹ്രസ്വചിത്രം അണിയറ പ്രവര്‍ത്തകരോ സാങ്കേതിക പ്രവര്‍ത്തകരോ ലൈറ്റോ ഒന്നുമില്ലാതെ ഐ ഫോണില്‍ ആണ് സുഹാസിനി ഷോര്‍ട്ട് ഫിലിം ഷൂട്ട് ചെയ്തിരിക്കുന്നത്. കെവിന്‍ ദാസ് എഡിറ്റിംഗും ജെയിംസ് വസന്തന്‍ സംഗീതവും നിര്‍വ്വഹിച്ചു. ഷോര്‍ട്ട് ഫിലിം ഉടനെ യൂട്യൂബില്‍ എത്തുമെന്ന് സുഹാസിനി അറിയിക്കുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് 'പെണ്‍' എന്നൊരു തമിഴ് ടെലിസീരീസ് സുഹാസിനി സംവിധാനം ചെയ്തിരുന്നു. തൊണ്ണൂറുകളുടെ തുടക്കത്തില്‍, സാറ്റലൈറ്റ് ടെലിവിഷന്‍ പ്രചാരത്തില്‍ വന്ന കാലത്ത്, സണ്‍ ടിവിയാണ് അത് സംപ്രേഷണം ചെയ്തത്. 'ഹേമാവുക്ക് കല്യാണം,' അപ്പാ അപ്പടി താന്‍,' അപ്പാ ഇരുക്കേന്‍,' 'മിസ്സിസ് രംഗനാഥ്,' 'കുട്ടി ആനന്ദ്,' 'ലവ് സ്റ്റോറി,' 'രാജി മാതിരി പൊണ്ണ്,' 'വാര്‍ത്തൈ തവറി വിട്ടായ്' എന്ന് പേരുകളുള്ള, എട്ടു ഭാഗങ്ങളുള്ള ടെലിസീരീസാണ് 'പെണ്‍'. യാഥാസ്ഥിതികതയില്‍ നിന്നും പുറത്തേക്കു കാലെടുത്തു വയ്ക്കാന്‍ ശ്രമിക്കുന്ന, അതില്‍ വിജയിക്കുകയും ചിലപ്പോള്‍ പരാജയപ്പെടുകയും ചെയ്യുന്ന നായികമാര്‍. അവരെ, അവരുടെ കുടുംബങ്ങളെ, ബന്ധങ്ങളെ, ആഗ്രഹങ്ങളെ, പ്രണയത്തെ ഒക്കെ ചുറ്റിപറ്റിയാണ് ഓരോ കഥയും സഞ്ചരിക്കുന്നത്. ശോഭന, രേവതി, ഭാനുപ്രിയ, ഗീത, രാധിക, അമല, ശരണ്യ, സുഹാസിനി എന്നിവരായിരുന്നു ആ ചെറുചിത്രങ്ങളിലെ നായികമാര്‍. സ്മാള്‍ സ്ക്രീനിന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ട 'പെണ്‍' സീരീസിന്റെ സംഗീതം ഇളയരാജ, കലാസംവിധാനം തൊട്ടാധരണി, കാമറ ജി വി കൃഷ്ണന്‍, എഡിറ്റിംഗ് ലെനിന്‍, ഗോപാല്‍ എന്നിവരായിരുന്നു നിര്‍വ്വഹിച്ചത്. കഥയും തിരക്കഥയും സംവിധാനവും സുഹാസിനി തന്നെയായിരുന്നു.