ഹൈക്കോടതി തള്ളിയ ഹർജിയിൽ പഞ്ചായത്ത് ട്രൈബ്യൂണലിന്റെ ഇടപെടൽ
പടിഞ്ഞാറെകല്ലട: കടപുഴ - കാരാളിമുക്ക് റോഡ് നിർമ്മാണത്തിനായി കൈയേറ്റക്കാരനെ ഒഴിപ്പിക്കമെന്ന കർശന നിലപാട് സ്വീകരിച്ച കോവൂർ കുഞ്ഞുമോൻ എം.എൽ.എയ്ക്കെതിരെ എൽ.ഡി.എഫ് ഭരിക്കുന്ന പടിഞ്ഞാറെകല്ലട പഞ്ചായത്ത് കമ്മിറ്റി. കിഫ്ബി പദ്ധതി വഴി നിർമ്മിക്കുന്ന റോഡിന്റെ പുരോഗതി വിലയിരുത്താൻ കഴിഞ്ഞ ദിവസം എം.എൽ.എ വിളിച്ച യോഗത്തിലാണ് തർക്കത്തിന് തുടക്കം.
റോഡ് നിർമ്മാണത്തിന് തടസമായി കടപ്പാക്കുഴിയിലെ പുറമ്പോക്ക് ഭൂമിയിൽ നിൽക്കുന്ന കട ഒഴിപ്പിക്കാൻ പഞ്ചായത്ത് തയ്യാറാകാത്തതിനെ എം.എൽ.എ വിമർശിച്ചു. പുറമ്പോക്ക് ഭൂമിയിലെ കട ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ ഉടമ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയിരുന്നു. ഈ വിവരം മറച്ചുവച്ച് പഞ്ചായത്ത് ട്രൈബ്യൂണിലിനെ സമീപിച്ചു. തൽസ്ഥിതി തുടരാനായിരുന്നു ട്രൈബ്യൂണിലിന്റെ നിർദേശം. പിന്നീട് കൊവിഡ് വ്യാപനം വന്നതോടെ മൂന്ന് മാസത്തിലേറെയായി ട്രൈബ്യൂണൽ വിഷയം പരിഗണിച്ചിട്ടില്ല.
ട്രൈബ്രൂണൽ വിധിയെ മറികടന്ന് കട ഒഴിപ്പിക്കാൻ കഴിയില്ലെന്നാണ് ഭരണസമിതിയും സെക്രട്ടറിയും യോഗത്തിലെടുത്ത നിലപാട്. ഹൈക്കോടതി തള്ളിയ ഹർജി പഞ്ചായത്ത് ട്രൈബ്യൂണിലിന് പരിഗണിക്കാൻ കഴിയില്ലെന്നും സർക്കാർ അഭിഭാഷകരുമായി ആലോചിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. കൈയേറ്റത്തിനെതിരെ എം.എൽ.എ നിലപാട് കടുപ്പിച്ചതോടെ പഞ്ചായത്ത് കമ്മിറ്റി വിളിച്ചുചേർത്ത് എം.എൽ.എയെ ബഹിഷ്‌ക്കരിക്കണമെന്ന് എൽ.ഡി. എഫ് നേതാക്കൾ നിലപാടെടുത്തു. വനിതാ പഞ്ചായത്ത് സെക്രട്ടറിയെ എം.എൽ.എ അധിക്ഷേപിച്ചുവെന്ന ആരോപണവും ഉയർത്തി. എം.എൽ.എയ്ക്കെതിരെ എൽ.ഡി.എഫ് തിരിഞ്ഞപ്പോൾ കോൺഗ്രസും ആർ.എസ്.പിയും ഒപ്പം ചേർന്നു.
''
കൈയേറ്റക്കാരൻ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. പിന്നീടാണ് അയാൾ പഞ്ചായത്ത് ട്രൈബ്യൂണലിനെ സമീപിച്ചത്. ഹൈക്കോടതി വിധിയാണ് പരമ പ്രധാനം. വനിതാ പഞ്ചായത്ത് സെക്രട്ടറിയോട് കയർത്ത് സംസാരിച്ചിട്ടില്ല. കൈയേറ്റക്കാരനുവേണ്ടി ചിലർ വാദിക്കുകയാണ്. റോഡ് നിർമ്മാണം പൂർത്തീകരിക്കാൻ കൈയേറ്റം ഒഴിപ്പിച്ചേ മതിയാകൂ.
കോവൂർ കുഞ്ഞുമോൻ എം.എൽ.എ
കടപുഴിയിലെ കട നിൽക്കുന്നത് പൂർണമായും പുറമ്പോക്ക് ഭൂമിയിലാണ്. കൈയേറ്റക്കാരൻ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയിരുന്നു. പിന്നീടാണ് ഇയാൾ പഞ്ചായത്ത് ട്രൈബ്യൂണലിനെ സമീപിച്ച് സ്റ്റേ ഉത്തരവ് വാങ്ങിയത്. മൂന്ന് മാസതത്തിലേറെയായി ട്രൈബ്യൂണലിൽ നിന്ന് തുടർ നടപടികൾ ഉണ്ടായിട്ടില്ല.
പഞ്ചായത്ത് സെക്രട്ടറി