ലോക്ക് ഡൗൺ കാലം പനവേലിലെ സൽമാൻ ഖാന്റെ ഫാം ഹൗസിൽ ചെലവഴിക്കുകയാണ് ബോളിവുഡ് താരം ജാക്വലിൻ ഫെർണാണ്ടസ്. പുസ്തകങ്ങൾ വായിച്ചും കുതിരസവാരി നടത്തിയും കുതിരയെ കുളിപ്പിച്ചും ഭക്ഷണം കൊടുത്തും മരത്തിൽ കയറാൻ പരിശീലിച്ചുമെല്ലാം ലോക്ക്ഡൗൺ കാലം അടിച്ചുപൊളിക്കുകയാണ് താരം. ജാക്വലിൻ തന്നെയാണ് തന്റെ ലോക്ക്ഡൗൺ കാല ജീവിതത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.
സൽമാന്റെ ഫാം ഹൗസിൽ നിന്നുള്ള പ്രകൃതിദൃശ്യങ്ങളും വീഡിയോയിൽ കാണാം. വസ്ത്രങ്ങൾ സ്വയം അലക്കി ഉണക്കിയും ഫാം ഹൗസിലെ ജോലിക്കാരോട് സംസാരിച്ചുമെല്ലാം ഓരോ നിമിഷവും ഫലപ്രദമായി ഉപയോഗിക്കുന്ന ജാക്വലിനെയാണ് വീഡിയോയിൽ കാണാനാവുക. ബസാർ ഇന്ത്യയുടെ കവർ ഷൂട്ടിനായി സൽമാന്റെ ഫാം ഹൗസിലെത്തിയതായിരുന്നു ജാക്വലിൻ. അപ്പോഴേക്കും രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.
"ഇത് എന്നെ സംബന്ധിച്ചിടത്തോളം സുരക്ഷിതം നിറഞ്ഞതും ബുദ്ധിമുട്ടുകളില്ലാത്തതുമായ ഒരു കാലമാണ്, എന്നാൽ കൊറോണക്കാലത്ത് ഒരുപാട് ആളുകൾ അനുഭവിക്കുന്ന ദുരിതങ്ങളെയും വേദനയേയും കുറിച്ചെനിക്ക് പൂർണബോധ്യമുണ്ട്. ഇവിടെ ഈ ഫാം ഹൗസിൽ സുരക്ഷിതയായിരിക്കുന്നതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു. ഇവിടെ നിന്നുകൊണ്ട് മറ്റുള്ളവരെ സഹായിക്കാൻ എനിക്കാവുന്ന സഹായങ്ങളൊക്കെ ഞാൻ ചെയ്യുന്നുണ്ട്. ഈ ദുഷ്‌കരമായ സമയത്തെ അതിജീവിക്കാൻ എല്ലാവർക്കും ശക്തിയും ആരോഗ്യവും ലഭിക്കാനായി പ്രാർത്ഥിക്കുന്നു," ഫാം ഹൗസ് ജീവിതത്തെ കുറിച്ച് ജാക്വലിൻ പറയുന്നു.
ലോക്ക്ഡൗൺ തുടങ്ങിയതിൽ പിന്നെ സൽമാൻ ഖാനും പനവേലിലെ ഫാം ഹൗസിൽ തന്നെ കുടുങ്ങി കിടക്കുകയാണ്. ഫാം ഹൗസ് ജീവിതത്തിലെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം സൽമാനും ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.