quaranteen

 പ്രവാസികളെ നിരീക്ഷിക്കാൻ വൻ സന്നാഹം

കൊല്ലം: വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തി സർക്കാരിന്റെ നേരിട്ടുള്ള നിരീക്ഷണത്തിൽ കഴിയുന്ന പ്രവാസികൾക്ക് ജില്ലയിൽ വിപുലമായ ആതിഥേയത്വം. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് വിഭവ സമൃദ്ധമായ ഭക്ഷണത്തിനൊപ്പം ആവശ്യമുള്ളതെല്ലാം അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എത്തിക്കും.

നിരീക്ഷണത്തിൽ പാർപ്പിക്കാൻ ഇതുവരെ 11,000 കിടക്കകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സജ്ജീകരിച്ചിരിക്കുന്നത്. 20,000 ത്തോളം കിടക്കകളാണ് ലക്ഷ്യമിടുന്നത്. വിനോദ സഞ്ചാരവകുപ്പിന്റെ ഹോട്ടലുകൾ അടക്കം സ്വകാര്യ ഹോട്ടൽ മുറികളും സജ്ജമാക്കിയിട്ടുണ്ട്.

തഹസീൽദാർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, മറ്റ് താലൂക്ക് തല ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരടങ്ങുന്ന പ്രത്യേക സമിതിയാണ് താമസിക്കാൻ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തുന്നത്.

ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ, രണ്ട് ത്രീ സ്റ്റാർ ഹോട്ടൽ എന്നിവിടങ്ങളിലടക്കം 500 ഓളം മുറികളാണ് ജില്ലാ ഭരണകൂടം കൊല്ലം നഗരത്തിൽ മാത്രം പ്രവാസികൾക്ക് ഒരുക്കിയിട്ടുള്ളത്. ഫൈവ് സ്റ്റാർ, ത്രീ സ്റ്റാർ ഹോട്ടലുകളിൽ തങ്ങുന്നവർ മുറി വാടക സ്വന്തം നിലയിൽ വഹിക്കണം. ഓൺലൈനായും മറ്റും ഭക്ഷണം വാങ്ങാത്തവർക്കാണ് നഗരസഭ ഭക്ഷണവും കുടിവെള്ളവും എത്തിക്കുക. നഗരസഭ ആരോഗ്യവിഭാഗം എല്ലാദിവസവും മുറികൾ ശുചീകരിക്കും.

നഗരസഭാ കൺട്രോൾ റൂമിൽ നിന്ന് നിരീക്ഷണത്തിൽ കഴിയുന്നവരെ നിരന്തരം ബന്ധപ്പെട്ട് ക്ഷേമാന്വേഷണം നടത്തും. ടൂത്ത് ബ്രഷ്, പേസ്റ്റ്, ബഡ് ഷീറ്റ് എന്നിവയും നഗരസഭ വാങ്ങി നൽകും. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ തിരുമുല്ലാവാരം സ്വദേശിയായ സ്ത്രീ ഇന്നലെ ഹോട്ടലിൽ നിരീക്ഷണത്തിൽ പ്രവേശിച്ചു.

നിരീക്ഷണം രണ്ടാഴ്ച


വിദേശത്തുനിന്ന് എത്തുന്നവർക്ക് രണ്ടാഴ്ചയാണ് നിരീക്ഷണം. അന്യസംസ്ഥാനത്തുനിന്ന് എത്തുന്നവർക്ക് രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ ഒരാഴ്ച നിരീക്ഷണം മതിയാവും. രോഗലക്ഷണമുള്ളവരെ ചിലപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിയും വരും. സംശയമുള്ളവരുടെ പരിശോധനകൾ നെഗറ്റീവാണെങ്കിൽ നിശ്ചിത ദിവസത്തിന് ശേഷം വീടുകളിലേയ്ക്ക് മടങ്ങാം.

ബുദ്ധിമുട്ടേണ്ട, ഒപ്പമുണ്ടാകും...

1. ഗസ്റ്റ് - റെസ്റ്റ് ഹൗസുകളിലെ അധികമുറികൾ കണ്ടെത്തി

2. ടൂറിസം വകുപ്പിന്റെ ഹോട്ടലുകളും ഉപയോഗിക്കും

3. സന്ദർശകരെയോ ബന്ധുക്കളെയോ അനുവദിക്കില്ല

4. കൂടുതൽ സൗകര്യങ്ങൾക്ക് സ്വന്തമായി വാടക നൽകണം

5. മേൽനോട്ടം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്ക്

6. പുറത്തിറങ്ങിയാൽ പൊലീസ് കേസെടുക്കും

ഒരുക്കിയ കിടക്കകൾ: 11,000

ലക്ഷ്യം: 20,000

നഗരത്തിൽ: 500

(5 സ്റ്റാർ, 3 സ്റ്റാൾ ഉൾപ്പടെ)

എ.സി മുറികൾ: 1,000

''

കൊവിഡ് വ്യാപനം ഒഴിവാക്കാനാണ് പഴുതടച്ച നിരീക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്. എല്ലാവരും പൂർണമായി സഹകരിക്കണം.

ബി. അബ്ദുൽ നാസർ

ജില്ലാ കളക്ടർ