തൂക്കി വിൽപ്പന തുടരാൻ ആലോചന
കൊല്ലം: തീരത്തെ അഞ്ച് മത്സ്യഗ്രാമങ്ങളിൽ ലോക്ക് ഡൗൺ കഴിഞ്ഞാലും മുൻകൂട്ടി നിശ്ചയിക്കുന്ന വിലയ്ക്ക് മത്സ്യം തൂക്കി വിൽക്കുന്ന കൊല്ലം മോഡൽ തുടരാൻ ആലോചന. നീണ്ടകര, ശക്തികുളങ്ങര അടക്കമുള്ള ജില്ലയിലെ മറ്റ് ഹാർബറുകളിൽ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട സാമൂഹിക അകലം പാലിക്കലിൽ ഇളവ് വരുന്നതോടെ പഴയ ലേല പ്രക്രിയയിലേക്ക് മടങ്ങിപ്പോകും.
സ്ഥിരം വില നിലനിന്ന് മത്സ്യത്തൊഴിലാളികൾക്ക് മാന്യമായ വരുമാനം കിട്ടുന്നതിനൊപ്പം തൂക്കത്തിലെ വെട്ടിപ്പും തടയാനാകുന്നതിനാലാണ് കൊല്ലത്ത് ലേലം ഒഴിവാക്കി തൂക്കി വില്പന തുടരാൻ ആലോചിക്കുന്നത്. മത്സ്യലഭ്യത ഉയരുമ്പോൾ വൈകിയെത്തുന്ന വള്ളങ്ങളിലെ മത്സ്യത്തിന് കാര്യമായ വില ലഭിക്കില്ല. രാത്രി ലേലം വിളി തുടങ്ങുമ്പോഴുള്ളതിന്റെ നാലിലൊന്നായി പുലർച്ചെ വില ഇടിയും. ഇതോടെ വള്ളക്കാർക്ക് മണ്ണെണ്ണയ്ക്കുള്ള തുക പോലും കിട്ടാത്ത അവസ്ഥയാകും. കമ്മിഷൻ ഏജന്റുമാർ ഇപ്പോൾ തന്നെ തൂക്കിയാണ് വാങ്ങുന്നത്. പക്ഷെ അവരുടെ ത്രാസിലാണ്. ഈ ത്രാസുകളെക്കുറിച്ച് മത്സ്യത്തൊഴിലാളികൾക്കിടിയിൽ വ്യാപക പരാതിയാണ്. മത്സ്യവിപണനം ഹാർബർ മാനേജ്മെന്റ് കമ്മിറ്റിയുടെ നിയന്ത്രണത്തിൽ ആകുന്നതോടെ മത്സ്യത്തൊഴിലാളി സംഘങ്ങളുടെ ത്രാസിലാകും തൂക്കി വില്പന. വൻതോതിൽ മത്സ്യമെത്തുന്ന നീണ്ടകര, ശക്തികുളങ്ങര ഹാർബറുകളിൽ കൊല്ലം മോഡൽ പ്രായോഗികമല്ല.
മാതൃകയാണ് കൊല്ലം മോഡൽ
ലോക്ക് ഡൗൺ കാലത്ത് സംസ്ഥാനത്ത് ആദ്യമായി കൊല്ലം തീരത്തെ അഞ്ച് മത്സ്യഗ്രാമങ്ങളിൽ നടപ്പാക്കിയ സാമൂഹിക അകലം പാലിച്ചുള്ള മത്സ്യ കച്ചവട രീതി ഇപ്പോൾ കൊല്ലം മോഡൽ എന്നാണ് സംസ്ഥാനത്ത് അറിയപ്പെടുന്നത്. ഹാർബർ മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കലോ നിശ്ചിത ഇടവേളയിലോ ഓരോ ഇനം മത്സ്യത്തിന്റെ വില നിശ്ചയിക്കും. ഈ വിലയ്ക്ക് മത്സ്യം തൂക്കി വിൽക്കും. ഏപ്രിൽ മൂന്നിന് രാത്രിയാണ് ഈ രീതിയിൽ ആദ്യമായി കൊല്ലത്ത് നിന്ന് വള്ളങ്ങൾ കടലിലേക്ക് പോയത്.
മത്സ്യഗ്രാമങ്ങൾ
പള്ളിത്തോട്ടം
പോർട്ട് കൊല്ലം
മൂതാക്കര
വാടി
തങ്കശേരി
വിൽപ്പന നടന്നത്: 30 ദിവസം
വരുമാനം: 6.5 കോടി
(മുൻ വർഷങ്ങളിൽ വരുമാനം കുറഞ്ഞു)
"
ലോക്ക് ഡൗൺ കാലത്ത് കൊല്ലം തീരത്തെ മത്സ്യത്തൊഴിലാളികളുടെ ചിരികലാ അഭിലാഷാണ് യാഥാർത്ഥ്യമായത്. എന്തെങ്കിലും ന്യൂനതകൾ ഉണ്ടെങ്കിൽ അതുകൂടി പരിഹരിച്ച് കൊല്ലത്തെ അഞ്ച് മത്സ്യഗ്രാമങ്ങളിലും കൊല്ലം മോഡൽ തുടരണം.
ബെയ്സിൽ ലാൽ
മത്സ്യത്തൊഴിലാളി യൂണിയൻ
സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ്