പുനലൂർ: തമിഴ്നാട്ടിലെ കൊവിഡ് 19 വ്യാപനത്തെ തുടർന്ന് കേരളത്തിലെ മാർക്കറ്റുകളിലെത്തേണ്ട മൺ പാത്രങ്ങൾ തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് വ്യാപാരികളെയും മൺപാത്ര നിർമ്മാണ തൊഴിലാളികളെയും സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. ലോക്ക് ഡൗണിനെ തുടർന്ന് ആര്യങ്കാവ് അടക്കമുള്ള അതിർത്തി ചെക്ക്പോസ്റ്റുകൾ വഴി കേരളത്തിലേക്ക് വരുന്ന ലോറികളിൽ ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് മാത്രമാണ് പ്രവേശന പാസ് നൽകുന്നത്. മൺ പാത്രങ്ങൾ ഒരു കയറിൽ കൊരുത്ത് കെട്ടിയാണ് വാഹനത്തിൽ കയറ്റുന്നത്. കേരളത്തിൽ എത്തിച്ച ശേഷം ലോറിയിൽ നിന്ന് മൺപാത്രങ്ങൾ ഉടയാതെ അഴിച്ചിറക്കണമെങ്കിൽ മൺ കലങ്ങൾ കയറ്റിയ തൊഴിലാളികൾ തന്നെ വേണ്ടി വരും. മൺപാത്രങ്ങൾ കയറ്റുന്ന തൊഴിലാളികൾക്ക് ലോറിയിൽ കേരളത്തിലേക്ക് വരാനാവാത്തതാണ് രണ്ട് സംസ്ഥാനങ്ങളിലെയും മൺപാത്ര വിപണി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാൻ മുഖ്യകാരണം.
.
.......മൺപാത്രങ്ങൾ കെട്ടിക്കിടക്കുന്നു........
തമിഴ്നാട്ടിൽ നിന്ന് 50 ലോറികളിൽ കയറ്റി വിടാനുള്ള മൺ പാത്രങ്ങളാണ് മാസങ്ങളായി നിർമ്മാണ കേന്ദ്രങ്ങളുടെ മുന്നിൽ കെട്ടിക്കിടക്കുന്നത്. കാലവർഷം കടുത്താൽ മൺ പാത്രങ്ങൾ എല്ലാം നനഞ്ഞ് കുതിർന്ന് നശിച്ച് പോകുമെന്ന ആശങ്കയിലാണ് ചെറുകിട നിർമ്മാതാക്കൾ. ചെങ്കോട്ട, തെങ്കാശി, ചുരണ്ട, ആലംകുളം, കുറിച്ചി, പുളിയറ തുടങ്ങിയ സ്ഥലങ്ങളിലെ 200 ഓളം സ്ത്രീകളാണ് കുടിൽ വ്യവസായമായി മൺപാത്ര നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്.