fire
ഹൈപ്പർ മാർക്കറ്റിലെ ലിഫ്റ്റിൽ കുടുങ്ങിയ ആളുകളെ അഗ്നിശമനസേനാംഗങ്ങൾ രക്ഷപ്പെടുത്തുന്നു

കൊല്ലം: ചാത്തന്നൂരിൽ ഹൈപ്പർ മാർക്കറ്റിലെ ലിഫ്റ്റിൽ കുടുങ്ങിയ നാലുപേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം. ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് കെട്ടിടത്തിന്റെ ഒന്നാമത്തേയും രണ്ടാമത്തേയും നിലയുടെ മദ്ധ്യഭാഗത്തായി കുടുങ്ങിയ വിജയകുമാർ (52), അബ്ദുൾ മുത്തലിഫ് (57),​ ബിന്ദു (45),​ ഷിബി (35) എന്നിവരെയാണ് കടപ്പാക്കടയിലെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തിയത്.

ലിഫ്റ്റ് കീ ഉപയോഗിച്ച് ഡോർ തുറന്ന് നാലുപേരെയും ഉയർത്തി പുറത്തേക്ക് എടുക്കുകയായിരുന്നു. പുറത്തേക്ക് പോകാനാകാതെ അകപ്പെട്ടതോടെ നാലുപേർക്കും ചെറിയതോതിൽ ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. കടപ്പാക്കട അഗ്നിശമന നിലയത്തിലെ അസി. സ്റ്റേഷൻ ഓഫീസർ ശശിധരൻ, ഫയർ ഓഫീസർമാരായ ഹരീഷ്, ദീപേഷ്, സരുൺ, അജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.