socila

കൊല്ലം: ലോക്ക് ഡൗൺ ഇളവുകൾ പൂർണതോതിൽ പ്രാബല്യത്തിലായതോടെ പൊതു ഇടങ്ങളിലെല്ലാം കൊവിഡ് പ്രതിരോധ മാർഗനിർ‌ദ്ദേശങ്ങൾ വഴിപാട് പോലെയാകുന്നു. സാമൂഹിക അകലം ഉറപ്പ് വരുത്തണമെന്ന ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശം പാലിക്കപ്പെടുന്നില്ല. ഇളവുകളുടെ ആദ്യ ദിനങ്ങളിൽ തന്നെ നിർദ്ദേശങ്ങളെല്ലാം ലംഘിക്കപ്പെട്ടതോടെ കൊവിഡ് മുക്ത നാടായി കേരളം മാറിയെന്ന നിലയിലായാണ് പൊതു ഇടങ്ങളിലെല്ലാം ജനക്കൂട്ടത്തിന്റെ പെരുമാറ്റം. സൂപ്പർ മാർക്കറ്റുകൾ, മത്സ്യ വിപണന കേന്ദ്രങ്ങൾ, പച്ചക്കറി കടകൾ തുടങ്ങി ആളുകൾ കൂടുന്നിടങ്ങളിലെല്ലാം ഇതാണവസ്ഥ. യാത്രകൾക്ക് സത്യവാങ്മൂലം നിർബന്ധം അല്ലാതാവുകയും ഒറ്റ, ഇരട്ട അക്ക നിയന്ത്രണങ്ങൾ ഒഴിവാക്കുകയും ചെയ്തതോടെ നിരത്തിലെ വാഹന തിരക്കും ഗണ്യമായി ഉയർന്നു. സർവീസ് ബസുകളും ആട്ടോറിക്ഷകളും ഒഴികെയുള്ള വാഹനങ്ങളെല്ലാം ഇപ്പോൾ റോഡ് നിറഞ്ഞോടുകയാണ്. സ്റ്റാൻഡുകളിലെത്താതെ ഓടുന്ന ആട്ടോറിക്ഷകളുടെ എണ്ണവും കൂടി. ആദ്യ ദിനങ്ങളിൽ മാസ്ക് ധരിക്കാതെ ആരും പുറത്തിറങ്ങിയിരുന്നില്ല. എന്നാൽ പരിശോധനകൾ അയഞ്ഞതോടെ കഴിഞ്ഞ ദിവസങ്ങളിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരുടെയും മൂക്ക് മറയ്ക്കാതെ പേരിന് മാസ്ക് കെട്ടുന്നവരുടെയും എണ്ണവും കൂടി. ആശുപത്രികളിൽ സന്ദർശകർക്ക് കർശന നിയന്ത്രണമുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ വിവിധ ആശുപത്രികളിൽ രോഗികളുടെ ബന്ധുക്കളും ജീവനക്കാരും തമ്മിൽ ഇതെ ചൊല്ലി തർക്കങ്ങളുണ്ടായി.

നിരത്തിലെ ഇടപെടൽ പേടിപ്പെടുത്തും

പൊതു ഇടങ്ങളിലേക്ക് ഇറങ്ങാതെ ദീർഘകാലം വീടിനുള്ളിലിരിക്കുന്നത് പ്രായോഗികമല്ല. സാമൂഹിക അകലവും വ്യക്തി ശുചിത്വവും പാലിച്ച് പൊതു ഇടങ്ങളിൽ സജീവമായേ മതിയാകൂ. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ തെരുവുകളിൽ കാണുന്നത് സാമൂഹിക അകലം പൂർണമായും അട്ടിമറിക്കപ്പെടുന്നതാണ്. നാട് കൊവിഡിൽ നിന്ന് പൂർണ മുക്തി നേടിയെന്ന തരത്തിലാണ് നിരത്തിൽ മിക്കവരുടെയും ഇടപെടൽ.

ഓർമ്മ വേണം,​ കൊവിഡ് മുക്തരല്ല

1. നിരത്തിൽ സജീവമായി സ്വകാര്യ വാഹനങ്ങൾ

2. സാമൂഹിക അകലം ഉറപ്പ് വരുത്താനാകുന്നില്ല

3. ബാങ്കുകൾ, വിപണന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തിരക്ക്

4. സ്റ്റാൻഡിലെത്തുന്നില്ലെങ്കിലും ആട്ടോ റിക്ഷകൾ സർവീസ് തുടങ്ങി

5. പൊലീസ് ചെക്ക് പോസ്റ്റുകൾ മിക്കതും പിൻവലിച്ചു

6. നിരത്തിൽ നിയന്ത്രണങ്ങൾ ഒഴിവായ പ്രതീതി

7. ഹാന്റ് വാഷ് കോർണറുകൾ ഉറപ്പാക്കുന്നില്ല

8. ജനങ്ങളെ വിശ്വാസിച്ച് പൊലീസ് പരിശോധന കുറച്ചു

9. അനാവശ്യ യാത്രക്കാരുടെ എണ്ണമേറി

''

സാമൂഹിക അകലം പാലിക്കുക മാത്രമാണ് കൊവിഡ് പ്രതിരോധത്തിനായി ചെയ്യാനാവുക. ആൾക്കൂട്ടങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ നടപടിയുണ്ടാകും.

ബി.അബ്ദുൽ നാസർ,

ജില്ലാ കളക്ടർ

''

കൊവിഡിനോട് പൊരുതാൻ സാമൂഹിക അകലം ഉറപ്പാക്കണം. ജനങ്ങൾ നിർദേശങ്ങൾ പാലിക്കണം. സാമൂഹിക അകലം പാലിക്കണം, മാസ്ക് ധരിക്കണം, കൈകൾ സോപ്പുപയോഗിച്ച് കഴുകണം.

ആരോഗ്യ വകുപ്പ്