vijayana-

 മരുമക്കളെ മൃതദേഹങ്ങൾ കാണാൻ നാട്ടുകാർ അനുവദിച്ചില്ല

തഴവ: വിഷം കഴിച്ച് ജീവനൊടുക്കിയ വൃദ്ധ ദമ്പതികളുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് മുമ്പായി അയൽവാസികളുടെ കൂട്ടക്കരച്ചിലും ഒപ്പം പ്രതിഷേധവും. കുലശേഖരപുരം ആദിനാട് വടക്ക് കാരാളിൽ പടീറ്റതിൽ വിജയൻ (65), ഗീത (55) ദമ്പതികളുടെ മൃതദേഹങ്ങൾ ഇന്നലെ ഉച്ചയോടെ വീട്ടുമുറ്റത്ത് അടുത്തടുത്തായി സംസ്കരിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങളുണ്ടായത്.

ഇവരുടെ രണ്ട് മരുമക്കൾക്കുമെതിരെ ഉയർന്ന പ്രതിഷേധം സംഘർഷത്തിലെത്തിയെങ്കിലും പൊലീസ് ഇടപെട്ടാണ് നിയന്ത്രിച്ചത്. ഉച്ചയ്ക്ക് 1ഓടെ രണ്ട് ആംബുലൻസുകളിലായി മൃതദേഹങ്ങൾ എത്തിയതോടെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളെല്ലാം ലംഘിച്ച് അയൽവാസികളായ വീട്ടമ്മമാരാണ് നിലവിളിയോടെ ഓടിയെത്തിയത്. നെഞ്ചത്തടിച്ച് നിലവിളിച്ച് മൃതദേഹങ്ങൾക്ക് ചുറ്റും കൂടിയ ഇവരെ നിയന്ത്രിക്കാൻ പൊലീസിനും ബുദ്ധിമുട്ടേണ്ടി വന്നു.

അന്ത്യദർശനത്തിന് മരുമക്കളെ അനുവദിക്കില്ലെന്ന നിലപാടിൽ വീട്ടമ്മമാർ ഉറച്ചു നിന്നതോടെ അതൊഴിവാക്കിയാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്. ഇതിനുശേഷം വീണ്ടും പ്രതിഷേധവുമായി വീട്ടമ്മമാർ എത്തിയതോടെയാണ് സംഘർഷാവസ്ഥയുണ്ടായത്. മരുമക്കളാണ് ദമ്പതികളുടെ ആത്മഹത്യയ്ക്ക് കാരണക്കാരെന്ന് ആരോപിച്ച വീട്ടമ്മമാർ ഇവരെ ഇനി ഭർത്തൃഗൃഹത്തിൽ താമസിക്കാൻ അനുവദിക്കില്ലെന്ന വാശിയിലായി. ഇവർക്കൊപ്പം നാട്ടുകാരും ചേർന്നതോടെ രണ്ട് മരുമക്കളെയും പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയാണ് പൊലീസ് കൂടുതൽ സംഘർഷം ഒഴിവാക്കിയത്. ഇവരെ പിന്നീട് അവരവരുടെ വീടുകളിലേക്ക് ബന്ധുക്കൾക്കൊപ്പം പറഞ്ഞയച്ചു.