തൊടിയൂർ: അപൂർവരോഗത്താൽ ബുദ്ധിമുട്ടുന്ന വീട്ടമ്മയ്ക്ക് കൈത്താങ്ങുമായി പത്തനാപുരം ഗാന്ധിഭവൻ. തലച്ചോറിലെ ട്യൂമർ നീക്കം ചെയ്യാൻ രണ്ടാമത്തെ ശസ്ത്രക്രിയയ്ക്കൊരുങ്ങുന്ന കല്ലേലിഭാഗം താച്ചേതെക്കതിൽ ബീനയ്ക്ക് 25000 രൂപയാണ് ഗാന്ധിഭവൻ അധികൃതർ കൈമാറിയത്.
നിർദ്ധന കുടുംബാംഗമായ ബീന (27) രണ്ടു കുരുന്നു പെൺകുട്ടികളുടെ മാതാവാണ്. സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെയാണ് തലച്ചോറിലെ ട്യൂമർ കണ്ടെത്തിയത്. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ശാസ്ത്രക്രിയ നടത്തി ട്യൂമർ നീക്കം ചെയ്തെങ്കിലും വൈകാതെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. തുടർന്നു നടത്തിയ പരിശോധനയിലാണ് ട്യൂമർ വീണ്ടും വളരുന്നതായി കണ്ടെത്തിയത്.
തുടർചികിത്സയ്ക്ക് സഹായിക്കുന്നതിനായി നാട്ടുകാർ ചികിത്സാ സഹായ സമിതി രൂപീകരിച്ചു. ബീനയുടെ അവസ്ഥയെക്കുറിച്ച് കേരളകൗമുദിയും വാർത്ത പ്രസിദ്ധീകരിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട ലൈസൻസഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർ വൈസേഴ്സ് ഫെഡറേഷൻ (ലെൻസ് ഫെഡ് ) അന്നു തന്നെ 10,000 രൂപ ബീനയുടെ വാടക വീട്ടിൽ എത്തി കൈമാറിയിരുന്നു.തുടർന്ന് നിരവധി വ്യക്തികളും സംഘടനകളും സഹായങ്ങളുമായി എത്തി. ഒടുവിൽ ഗാന്ധിഭവന്റെ സഹായവുമെത്തി. വൈകാതെ ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.