കൊല്ലം: വിവിധ സംസ്ഥാനങ്ങളിലെ റെഡ് സോണുകളിൽ നിന്നെത്തുന്നവരെ സർക്കാരിന്റെ നിരീക്ഷണ കേന്ദ്രങ്ങളിലാക്കുന്ന പ്രവർത്തനങ്ങളിൽ ഗുരുതര വീഴ്ച. ലോക്ക് ഡൗണിൽ അയൽ സംസ്ഥാനങ്ങളിൽ കുടുങ്ങിയവർ നോർക്ക രജിസ്ട്രേഷനിലൂടെ ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴിയാണ് കേരളത്തിലെത്തുന്നത്. കർശന ആരോഗ്യ പരിശോധനകൾക്ക് ശേഷം നിരീക്ഷണ കേന്ദ്രങ്ങളിലേക്കും വീടുകളിലേക്കും അയയ്ക്കുന്നതാണ് പതിവ്.
ആരോഗ്യ വകുപ്പിന്റെയോ മറ്റ് സർക്കാർ വകുപ്പുകളുടെയോ മേൽനോട്ടമില്ലാതെ റെഡ് സോണുകളിൽ നിന്നെത്തുവരെ നിരീക്ഷണ കേന്ദ്രത്തിന്റെ മേൽവിലാസം നൽകി ആര്യങ്കാവിൽ നിന്ന് അയയ്ക്കുകയാണ്. ഇവർ മറ്റെവിടെയും കേറാതെ എത്തുന്നുവെന്ന് ഉറപ്പാക്കാൻ സംവിധാനങ്ങളില്ല. ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി എത്തുന്ന എല്ലാവരുടെയും പേരും മേൽവിലാസവും പ്രദേശത്തെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണിലേക്ക് എത്തുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക വിശദീകരണം. നിരീക്ഷണം ഉറപ്പ് വരുത്താൻ പഴുതടച്ച പദ്ധതികളുണ്ടെന്ന് പറയുമ്പോഴും ഇത് പാളിയെന്ന് അടയാളപ്പെടുത്തുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലുണ്ടായത്.
രാത്രിയിൽ വഴിതെറ്റി അലയുന്നു
ചെന്നൈയിൽ നിന്ന് ഏഴ് മാസം പ്രായമുള്ള മകളെ കാണാനെത്തിയ ശാസ്താംകോട്ട സ്വദേശികളായ ദമ്പതികൾ നിരീക്ഷണ കേന്ദ്രത്തിൽ കഴിയണമെന്ന് ചെക്ക് പോസ്റ്റിൽ നിന്ന് നിർദേശം ലഭിച്ചു. ശാസ്‌താംകോട്ടയിലെത്തിയ ദമ്പതികൾ എവിടെ പോകണമെന്നറിയാതെ സ്വന്തം കാറിൽ മൂന്ന് മണിക്കൂറോളം ചെലവഴിച്ചു. ഉദ്യോഗസ്ഥർ സമയോചിതമായി ഇടപെട്ടില്ലെന്ന് മാത്രമല്ല ഒരു ഘട്ടത്തിൽ യുവാവിനോട് മോശമായും പെരുമാറി. ഏറെ വൈകിയാണ് താമസ കേന്ദ്രം തരപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 12.30ഓടെ കൊട്ടാരക്ക കില ഇ.ടി.സിയിൽ കാറിൽ രണ്ടുപേരെത്തി. എന്നാൽ സമീപത്തെ കില സി.എച്ച്.ആർ.ഡിയിൽ മാത്രമാണ് നിരീക്ഷണ കേന്ദ്രമുള്ളത്. പാതിരാത്രി വഴി അറിയാതെ എത്തിയവരെ പക്ഷേ അധികൃതർ മടക്കി അയയ്ക്കാതെ താമസസൗകര്യം നൽകി. അടുത്ത ദിവസം രാവിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.