c
സാമൂഹിക അടുക്കള

കൊല്ലം: ലോക്ക് ഡൗൺ കാലത്ത് ഒരാളും വിശന്നിരിക്കരുതെന്ന ലക്ഷ്യത്തോടെ സൗജന്യ ഭക്ഷണ വിതരണത്തിനായി ആരംഭിച്ച സാമൂഹിക അടുക്കളകൾക്ക് താഴുവീണ് തുടങ്ങി. തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ആവശ്യക്കാരുടെ എണ്ണം കുറഞ്ഞതും ലോക്ക് ഡൗൺ ഇളവുകൾ പ്രാബല്യത്തിലായതും അടുക്കളകൾ പൂട്ടാൻ കാരണമായി.

ഒരു ഘട്ടത്തിൽ നൂറിലേറെ സാമൂഹിക അടുക്കളകൾ പ്രവർത്തിച്ചിരുന്ന ജില്ലയിൽ കഴിഞ്ഞ ദിവസം 43 അടുക്കളകൾ മാത്രമാണ് നിരാലംബർക്ക് ഭക്ഷണമൊരുക്കിയത്. ജില്ലയിലെ 68 ഗ്രാമപഞ്ചായത്തുകൾ, പുനലൂർ, പരവൂർ, കൊട്ടാരക്കര, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റികൾ, കൊല്ലം നഗരസഭ എന്നിവർ

സർക്കാർ സഹായമില്ലാതെ സ്വന്തം നിലയിലാണ് സമൂഹിക അടുക്കളകൾ പ്രവർത്തിപ്പിച്ചതും ഇപ്പോൾ പ്രവർത്തിപ്പിക്കുന്നതും.

ഒട്ടുമിക്ക തദ്ദേശ സ്ഥാപനങ്ങൾക്കും താങ്ങാൻ കഴിയാത്ത ബാദ്ധ്യതയായി അടുക്കകൾ മാറിയിരുന്നു. സാമൂഹിക അടുക്കളകൾക്കൊപ്പം കുടുംബശ്രീ സഹകരണത്തോടെ ആരംഭിച്ച ജനകീയ ഹോട്ടലുകൾ വലിയ സ്വീകാര്യത നേടി. കഴിഞ്ഞ ദിവസം അമ്പത് ജനകീയ ഹോട്ടലുകളാണ് ജില്ലയിൽ പ്രവർത്തിച്ചത്. ഈ മാസം അവസാനത്തോടെ ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കുറഞ്ഞത് ഒരു ജനകീയ ഹോട്ടൽ എന്ന ലക്ഷ്യത്തിലാണ് കുടുംബശ്രീയും സർക്കാർ സംവിധാനങ്ങളും.

.............

20 രൂപയ്‌ക്ക് ഊണ്

നിരാലംബർക്ക് സാമൂഹിക അടുക്കളകൾ സൗജന്യമായി ഭക്ഷണം നൽകുമ്പോൾ മറ്റുള്ളവർക്ക് 20 രൂപാ നിരക്കിൽ ഉച്ചഭക്ഷണം നൽകിയാണ് ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നത്. അഞ്ചുരൂപ സേവന നിരക്ക് നൽകിയാൽ ഭക്ഷണം വീട്ടിലെത്തിച്ച് നൽകും. പ്രഭാത ഭക്ഷണത്തിനും ഇതേ വില നിലവാരം ആണെങ്കിലും പ്രദേശത്തിന്റെ സ്വഭാവം അനുസരിച്ച് മാറ്റം വന്നേക്കാം.

ലോക്ക് ഡൗണിന് ശേഷം 25 രൂപ!

ലോക്ക് ഡൗൺ ദുരിതത്തെ മറികടക്കാനാണ് മുൻകൂട്ടി പ്രഖ്യാപിച്ച ജനകീയ ഹോട്ടലുകൾ അതിവേഗം പ്രവർത്തനം തുടങ്ങിയത്. 25 രൂപയ്ക്ക് ഉച്ചഭക്ഷണം നൽകാനായിരുന്നു സർക്കാർ തീരുമാനമെങ്കിലും ലോക്ക് ഡൗൺ കാലത്ത് 20 രൂപയായി വില കുറച്ചു. ലോക്ക് ഡൗണിന് ശേഷം 25 രൂപയിലേക്ക് വില ഉയർത്തിയേക്കാം.

..................

ജനകീയ ഹോട്ടൽ പ്രവർത്തനം

1. വാടക, വൈദ്യുതി, വെള്ളക്കരം എന്നിവ തദ്ദേശ സ്ഥാപനം വഹിക്കണം

2. അയൽക്കൂട്ടം പ്രവർത്തകർക്ക് കുടുംബശ്രീയുടെ അരലക്ഷം

3. ഓരോ ഊണിനും പത്ത് രൂപ സബ്സിഡി. വില 25 ആക്കിയാൽ അഞ്ച് രൂപ സബ്സിഡി

4. 10.90 രൂപ നിരക്കിൽ ഭക്ഷ്യ വകുപ്പ് ഹോട്ടലുകൾക്ക് അരി നൽകും

5. സപ്ലൈകോ പലചരക്ക് സാധനങ്ങൾ മൊത്ത വിലയിൽ നൽകും

6. പച്ചക്കറി പ്രാദേശികമായോ ഹോർട്ടികേർപ്പിൽ നിന്നോ വാങ്ങാം

7. മീൻകറി കൂട്ടി വൃത്തിയുള്ള ഊണ് നൽകുകയാണ് ലക്ഷ്യം

8. ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഉണ്ടാകും

''

മേയ് അവസാനത്തോടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലും ജനകീയ ഹോട്ടലുകൾ ആരംഭിക്കാനുള്ള ശ്രമത്തിലാണ്.

എ.ജി.സന്തോഷ്

കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ

(ടേബിൾ)

സാമൂഹിക അടുക്കളകൾ: 43

നൽകിയ ഭക്ഷണം: 5,191

പ്രഭാത ഭക്ഷണം: 705

ഉച്ചഊണ്: 3,799

രാത്രി ഭക്ഷണം: 687

ജനകീയ ഹോട്ടലുകൾ: 50

നൽകിയ ഭക്ഷണം: 4,585

പ്രഭാത ഭക്ഷണം: 237

ഉച്ചഊണ്: 4,348

രാത്രി ഭക്ഷണം: 0

(മേയ് എട്ടിലെ കണക്ക് )