കൊല്ലം: സംസ്ഥാനത്ത് കൊവിഡ് റിപ്പോർട്ട് ചെയ്തിട്ട് ഇന്നലെ നൂറ് ദിനങ്ങൾ പിന്നിട്ടപ്പോൾ ജില്ല ആശ്വാസ തീരത്തേക്ക് നീങ്ങുകയാണ്. ഒരു ഘട്ടത്തിൽ ഒരേ സമയം 15 പേർ വരെ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്നതിൽ നിന്ന് മുന്നേറി ഇപ്പോൾ മൂന്നുപേർ മാത്രമാണ് ചികിത്സയിലുള്ളത്.
സർക്കാരിനൊപ്പം ജില്ലാ ഭരണകൂടവും ഡോക്ടർമാരും നഴ്സുമാരും മറ്റ് ഉദ്യോഗസ്ഥവൃന്ദവും കൈകോർത്തതോടെയാണ് കൊവിഡിന്റെ കണ്ണികൾ അഴിക്കാൻ സാധിച്ചത്. തമിഴ്നാട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് തിരികെയെത്തിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലാ കൈവിട്ട് പോകുമോയെന്ന ആശങ്കപോലും പരന്നിരുന്നു. എന്നാൽ സത്വര നടപടികളിലൂടെയും പൊലീസിന്റെ കർശന നിയന്ത്രണത്തിലൂടെയും മഹാമാരിയെ മെരുക്കിയാണ് ജില്ലാ ആശ്വാസതീരത്തേക്ക് അടുക്കുന്നത്.
ആശങ്കകൾ
കൊവിഡ് സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികൾ പുനലൂരിലെ ബന്ധുവീട്ടിൽ എത്തിയെന്ന് അറിഞ്ഞപ്പോഴാണ് ജില്ലയിൽ ആദ്യമായി ആശങ്ക പടർന്നത്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സ്രവ പരിശോധനയ്ക്ക് എത്തിയ വർക്കലയിലെ റിസോർട്ടിൽ തങ്ങിയിരുന്ന ഇറ്റാലിയൻ പൗരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ ജാഗ്രതാ നിർദ്ദേശം കനപ്പിച്ചു. പിന്നീട് മാർച്ച് 27ന് ജില്ലയിൽ ആദ്യമായി പ്രാക്കുളം സ്വദേശിയായ പ്രവാസിക്ക് രോഗം സ്ഥീകരിച്ചപ്പോഴും ഏപ്രിൽ 29ന് ആറുപേർ രോഗബാധിതരായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിക്കപ്പെട്ടപ്പോഴും ജില്ല ആശങ്കയുടെ മുൾമുനയിലേക്ക് ഉയർന്നു.
ആകുലത
ഓരോ കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്യുമ്പോഴും അവരുമായി സമ്പർക്കം പുലർത്തിയ കൂടുതലാളുകളിലേക്ക് രോഗം പടരുമോയെന്നതായിരുന്നു ജില്ലയുടെ പ്രധാന ആകുലത. തമിഴ്നാട്ടിലെ പുളിയംകുടിയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് രോഗബാധിനായ യുവാവ് സമ്പർക്ക വിവരങ്ങൾ പൂർണമായും വെളിപ്പെടുത്താതിരുന്നതോടെ ആകുലത വർദ്ധിച്ചു. രോഗബാധിതരുമായി നേരിട്ട് ഇടപഴകാത്ത മീനാട് സ്വദേശിയായ ആശ പ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ഉറവിടം കണ്ടെത്താനാകാതെ വലഞ്ഞു. പിന്നീട് ചാത്തന്നൂർ പി.എച്ച്.എസ്.സിയിലെ രണ്ട് ജീവനക്കാരടക്കം ചാത്തന്നൂരിൽ ആകെ അഞ്ചുപേർക്ക് അടുത്തടുത്ത ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചതോടെ കാര്യങ്ങൾ കൈവിട്ട് പോകുമോയെന്ന ആകുലത പടർന്നു.
ആശ്വാസം
ഏപ്രിൽ 29ന് ശേഷം ജില്ലയിൽ കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്യാത്തതാണ് പ്രധാന ആശ്വാസം. രോഗബാധിതരിൽ നിന്ന് കൂടുതലാളുകളിലേക്ക് പടരാതിരുന്നതും ജില്ലയ്ക്ക് ആശ്വാസമാണ്.
കണ്ണും കാതും പാരിപ്പള്ളിയിൽ
കൊവിഡ് ബാധിതരായ പത്തനംതിട്ട സ്വദേശികൾ എത്തിയ പുനലൂരിലെ കുടുംബത്തെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത് മുതൽ ജില്ലയുടെ കണ്ണും കാതും പാരിപ്പള്ളി മെഡിക്കൽ കോളേജിലാണ്. ജില്ലയിൽ കൊവിഡ് സ്ഥിരിക്കുന്നവരെ ചികിത്സിക്കുന്നതും അവരുമായി ഏറ്റവുമടുത്ത് സമ്പർക്കം പുലർത്തിയവരെ നിരീക്ഷിക്കുന്നതും അവിടെയാണ്. ഒരു ഷിഫ്ടിൽ മൂന്ന് ഡോക്ടർമാരും എട്ട് നഴ്സുമാരും അഞ്ച് ഹൗസ് കീപ്പിംഗ് ജീവനക്കാരുമാണ് മെഡിക്കൽ കോളേജിൽ ഡ്യൂട്ടിയിലുള്ളത്.
ജില്ലയിൽ കൊവിഡ് ഇതുവരെ
ആകെ രോഗം ബാധിച്ചത്: 20
രോഗമുക്തരായത്: 17
നിലവിൽ ചികിത്സയിലുള്ളത്: 3
കൊവിഡ് മരണം: 0
ഏറ്റവുമാദ്യം രോഗം സ്ഥിരീകരിച്ചത്: മാർച്ച് 27ന്
ഏറ്റവുമൊടുവിൽ: ഏപ്രിൽ 29ന്
ഏറ്റവും കൂടുതൽ പോസിറ്റീവ് കേസ്: ഏപ്രിൽ 29ന് (ആറുപേർ)
ഏറ്റവും കൂടുതൽ ആളുകൾ രോഗമുക്തരായത്: മേയ് 4ന് (ഒൻപതുപേർ)
"
ആശ്വസിക്കാൻ വകയുണ്ട്, എന്നാൽ ആശങ്ക പൂർണമായും ഒഴിഞ്ഞിട്ടില്ല. സാമൂഹിക അകലം ഇപ്പോഴും വളരെ പ്രാധാന്യമുള്ളതാണ്.
എസ്. അബ്ദുൽ നാസർ, കളക്ടർ