-
അദ്ധ്യയന വർഷാരംഭം, ഒരുങ്ങിത്തുടങ്ങി

 പൊതുവിദ്യാലയ ഓഫീസുകൾ ഇന്ന് തുറക്കും

കൊല്ലം: അദ്ധ്യയന വർഷാരംഭത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. കഴിഞ്ഞ ദിവസം നടത്തിയ വീഡിയോ കോൺഫറൻസിൽ ഇതുസംബന്ധിച്ച നിർദേശം വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകി. പൊതുവിദ്യാലയങ്ങളിലെ ഓഫീസുകൾ ഇന്ന് തുറന്ന് മുന്നൊരുക്കങ്ങൾ ആരംഭിക്കും. എസ്.എസ്.എൽ.സിയുടെ ശേഷിക്കുന്ന മൂന്ന് പരീക്ഷകൾ ലോക്ക് ഡൗണിന് ശേഷം നടത്താനാനുള്ള ശ്രമത്തിലാണ് സർക്കാർ. പരീക്ഷകൾക്കായി സ്കൂളും പരിസരവും ക്ലാസ് മുറികളും വൃത്തിയാക്കുന്നതിനാണ് പ്രാഥമിക പരിഗണന.

ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ, ടോയ്‌ലെറ്റുകളുടെയും ക്ലാസുകളുടെയും അറ്റകുറ്റപണികൾ, ചായം പൂശൽ തുടങ്ങിയവ നടത്തുന്നതിനും തടസമില്ല. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾക്ക് അനുസരിച്ച് സാമൂഹിക അകലം പാലിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തണമെന്ന് പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കൊവിഡ് വ്യാപന ഭീതി നിയന്ത്രണവിധേയമായാൽ ജൂണിൽ തന്നെ അദ്ധ്യയന വർഷം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ജൂണിൽ ക്ലാസുകൾ തുടങ്ങാൻ കഴിഞ്ഞില്ലെങ്കിലും രണ്ട് മാസത്തിൽ കൂടുതൽ അദ്ധ്യയന ദിനങ്ങൾ നഷ്ടപ്പെടില്ലെന്ന വിശ്വാസത്തിലാണ് മുന്നൊരുക്കങ്ങൾ നടത്തുന്നത്.

സ്കൂളുകളിൽ വീണ്ടും പരീക്ഷാ ചൂട്

1. ലോക്ക് ഡൗണിന് പിന്നാലെ എസ്.എസ്.എൽ.സി പരീക്ഷ

2. ഓൺലൈൻ പഠന സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നു
3. സംശയനിവാരണത്തിന് അദ്ധ്യാപകർ വീടുകളിലേക്ക്

4. അറിവിന്റെ വാതിൽ തുറന്നിട്ട് അദ്ധ്യാപകരും

5. സഹായവുമായി സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും

പുതിയ അഡ്മിഷൻ തുടങ്ങിയിട്ടില്ല

അദ്ധ്യയന വർഷാരംഭത്തിന് ഒരുക്കങ്ങൾ തുടങ്ങിയെങ്കിലും സ്കൂളുകളിൽ പുതിയ കുട്ടികളെ പ്രവേശിപ്പിക്കാൻ അനുമതി നൽകിയിട്ടില്ല. കൊവിഡ് നിയന്ത്രണ വിധേയമാകുന്നതിനൊപ്പം അനുമതി നൽകാനാണ് സാദ്ധ്യത.

''

അദ്ധ്യയന വർഷാരംഭത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. തിങ്കളാഴ്ച സ്കൂളുകളുടെ ഓഫീസുകൾ തുറക്കും.

ടി.ഷീല, വിദ്യാഭ്യാസ ഉപഡയറക്ടർ