d
കുഞ്ഞുമോൻ എം.എൽ.എ

കൊല്ലത്ത് ജനപ്രതിനിധിയായി ഒരു കുഞ്ഞുമോനേയുള്ളു. കോവൂർ കുഞ്ഞുമോൻ. 18 വർഷത്തിലേറെയായി അദ്ദേഹം കുന്നത്തൂരിന്റെ ജനപ്രതിനിധിയാണ്. സി.പി.ഐ നേതാവ് സി. ദിവാകരൻ എപ്പോഴും കുഞ്ഞുമോനെ പെണ്ണു കെട്ടാത്തതിന്റെ പേരിൽ കളിയാക്കാറുണ്ട്. അപ്പോഴെല്ലാം കുഞ്ഞുമോൻ പറയാറുണ്ട്. തനിക്ക് ഭാര്യയും കുടുംബവുമെല്ലാം കുന്നത്തൂർ മണ്ഡലമാണ്, മറ്റൊരു ഭാര്യ ആലോചനയിലില്ലെന്ന്. പെണ്ണ് കെട്ടിയിട്ടില്ലെങ്കിലും കുഞ്ഞുമോൻ പെണ്ണുങ്ങളോട് ഒരു ബഹുമാനക്കുറവും കാണിച്ചിട്ടില്ലെന്ന് ഇന്നാട്ടുകാർക്കറിയാം. ഈ കുഞ്ഞുമോൻ പടിഞ്ഞാറെ കല്ലട പഞ്ചായത്ത് സെക്രട്ടറിയോട് മോശമായി പെരുമാറിയെന്ന് ഈയാഴ്ച വലിയ വാർത്ത തന്നെയുണ്ടായി. കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറിയോട് തട്ടിക്കേറിയെന്നും യോഗത്തിനിടെ ഒരു സ്ത്രീയോട് സംസാരിക്കാവുന്ന വാക്കുകളല്ല എം.എൽ.എ പറഞ്ഞതെന്നുമാണ് പ്രചരിച്ചത്. എന്നാൽ അത് കേട്ട് ആദ്യം ഞെട്ടിയത് സെക്രട്ടറിയാണ്. മൂന്നുവർഷമായി പടിഞ്ഞാറെ കല്ലട പഞ്ചായത്ത് സെക്രട്ടറിയായ വനിതയെപ്പറ്റി കല്ലടക്കാർക്കും സ്വദേശമായ ചവറക്കാർക്കും നന്നായറിയാം. ഇത്ര നിഷ്‌ക്കളങ്കയായ, അഴിമതിയില്ലാത്ത, എല്ലാവരെയും ബഹുമാനിക്കുന്ന ഒരു സെക്രട്ടറിയെ അവരാരും വേറെ കണ്ടിട്ടുണ്ടാവില്ല. ഇത്തരമൊരു ഉദ്യോഗസ്ഥയെ കുഞ്ഞുമോനെതിരാക്കാൻ ആർക്കോ ആവേശം ഉണ്ടായിരുന്നെന്നാണ് സംശയിക്കേണ്ടത്. കൈയേറ്റം ഒഴിപ്പിക്കാൻ മടിക്കുന്നതെന്തിനാണ് ? കൈയേറ്റക്കാരെ സംരക്ഷിക്കുന്ന സെക്രട്ടറിയുടെ സമീപനം ശരിയല്ലെന്ന് മാത്രമാണ് കുഞ്ഞുമോൻ പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ തുറന്നടിച്ചത്. ഇതാണ് സത്യമെന്ന് സെക്രട്ടറിയും ഉറപ്പിച്ച് പറഞ്ഞു. എന്തുപറയാൻ, അപ്പോഴേയ്ക്കും പ്രസ്താവനകൾക്ക് ചിറക് വിടർന്നു കഴിഞ്ഞു. കുഞ്ഞുമോൻ പരസ്യമായി മാപ്പ് പറയണമെന്നുവരെ ആവശ്യപ്പെട്ട് ചിലർ രംഗത്തെത്തി.
എം.എൽ.എ കൈയേറ്റക്കാരെ സംരക്ഷിക്കണമെന്നാണോ കല്ലടക്കാർ ഉദ്ദേശിക്കുന്നതെന്ന് ഒരു പക്ഷം. കൈയേറ്റക്കാരെ രഹസ്യമായി പിന്തുണയ്ക്കുന്നത് എം.എൽ എയാണെന്ന് മറുപക്ഷം. ഈ വാദം യുക്തിയ്ക്ക് നിരക്കാത്തതെന്നാണ് ഭൂരിഭാഗം കുന്നത്തുരുകാരുടെയും പക്ഷം. കൈയേറ്റം ഒഴിപ്പിക്കാൻ പഞ്ചായത്തും എം.എൽ എയും മറ്റെല്ലാവരും ഒറ്റക്കെട്ടായി നിൽക്കുകയല്ലേ വേണ്ടതെന്നാണ് നിഷ്പക്ഷമതികളുടെ ചോദ്യം.
കാര്യം ദേ ഇങ്ങനെയാ. കിഫ്ബിയിൽ നിന്ന് 70 കോടിയിലേറെ ചെലവാക്കിയാണ് ഒരു നാടിന്റെ ചിരകാലാഭിലാഷമായ കാരാളിമുക്ക്- പടിഞ്ഞാറെ കല്ലട റോഡ് നിർമ്മാണം. കടപ്പാക്കുഴിയിലെ കൈയേറ്റം മാത്രമല്ല റോഡിന് ഇരുവശവുമുള്ള എല്ലാ കയേറ്റങ്ങളും ഒഴിപ്പിക്കേണ്ടതാണ്. ഹൈക്കോടതി തള്ളിയ കേസിന്റെ പിന്നാലെ പഞ്ചായത്ത് നടക്കേണ്ട കാര്യമുണ്ടോ. കേസിൽ തദ്ദേശ സ്വയംഭരണ ട്രൈബ്യൂണലിൽ നിന്ന് സ്‌റ്റേ വാങ്ങിയിട്ടുണ്ടത്രെ. ഹൈക്കോടതിയെക്കാൾ വലുതാണ് ട്രൈബ്യൂണലെന്ന് എന്തായാലും ഇപ്പോഴാണ് മനസിലായത്. ഇനി ട്രൈബ്യൂണൽ പഞ്ചായത്തിനെ കേൾക്കാതെയാണോ താത്കാലിക സ്‌റ്റേ കൊടുത്തത്. പഞ്ചായത്തിനെതിരെ ട്രൈബ്യൂണൽ സ്റ്റേ ഉത്തരവിട്ടെങ്കിൽ നോട്ടീസ് കിട്ടില്ലേ. ആരൊക്കെയോ ആർക്കോവേണ്ടി ഇരുട്ടിൽ മറഞ്ഞിരിക്കുന്നത് കാണാൻ കൊല്ലംകാരന് കഴിയുന്നുണ്ട്.
റോഡ് നാടിന്റെ വികസനത്തിലേക്കുള്ള വലിയ വഴിയാണ്. അതിനെ തടയാൻ ആരൊക്കെ ശ്രമിച്ചാലും നിലനിൽക്കുമെന്ന് കരുതാൻ വയ്യ. കാശുവാങ്ങി കള്ളത്തരങ്ങൾക്ക് കൂട്ടുനിൽക്കുന്നവർ ആരായാലും അവരെ പൊതുജനം കണ്ടെത്തുമെന്നതാണ് സത്യം.