g
നെത്തോലി

 വിജിലൻസ് ഇടപെടൽ ഫലപ്രദമല്ല


കൊല്ലം: അമിതവില നിയന്ത്രിക്കാൻ വിപണിയിൽ വിജിലൻസ് ഇടപെടൽ വരെ ഉണ്ടായിട്ടും മത്സ്യ വിൽപ്പനയിലെ പകൽ കൊള്ളക്ക് അറുതിയില്ല. ചില്ലറ വിൽപ്പന കേന്ദ്രങ്ങൾ സാധാരണക്കാരന് താങ്ങാൻ കഴിയാത്ത വിലയിലാണ് മത്സ്യം വിൽക്കുന്നത്.

ഒരു കിലോ നെത്തോലി (ചൂട) 220 രൂപ വരെ ഈടാക്കിയാണ് കഴിഞ്ഞ ദിവസം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിറ്റത്. മത്തിക്ക് 340, വെള്ളൂര 300 എന്നിങ്ങനെ പോകുന്നു വില നിലവാരം. തുറമുഖങ്ങളിൽ വള്ളങ്ങളും ബോട്ടുകളും കൊണ്ടുവരുന്ന മത്സ്യം വൻ തോതിൽ മത്സ്യഫെഡ് വാങ്ങുന്നതിനാൽ തങ്ങൾക്ക് മത്സ്യം കിട്ടുന്നില്ലെന്നാണ് കച്ചവടക്കാർ ഉപഭോക്താക്കളോട് പറയുന്നത്.

കിട്ടുന്ന മത്സ്യത്തിന് തീ വിലയാണെന്നും വില കുറച്ച് നൽകാനാവില്ലെന്നും പറയുമ്പോൾ സാധാരണക്കാരിൽ പലരും മത്സ്യം വാങ്ങാതെ മടങ്ങുകയാണ്. കൊല്ലത്തെ തീര മേഖലകളിൽ നിന്ന് കൂടുതൽ ബോട്ടുകൾ കടലിൽ പോയിട്ടും ജില്ലയിലെ മത്സ്യവിലയിൽ കുറവുണ്ടാകാത്തതിന് പിന്നിൽ പ്രത്യേക ലക്ഷ്യങ്ങളുണ്ടെന്ന സംശയം ശക്തമാണ്.

അഴുകിയതും സുലഭം

അഴുകി തുടങ്ങിയ മത്സ്യവും വൻ തോതിൽ വിപണിയിലെത്തുന്നുണ്ട്. വീട്ടിലെത്തി വൃത്തിയാക്കാൻ എടുക്കുമ്പോഴാണ് മത്സ്യം അഴുകിയതാണെന്ന് മനസിലാവുക. മത്സ്യം പൂഴ്ത്തിവച്ച് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. ഈ മീനുകൾ പിന്നീട് വിപണിയിൽ വിറ്റഴിക്കുകയും ചെയ്യും.

ചില്ലറ വിപണിയിൽ തീവില

1. മത്സ്യത്തിന്റെ വില പ്രദർശിപ്പിക്കാറില്ല

2. ആവശ്യക്കാർ കൂടുമ്പോൾ വിലയും കൂടും

3. രാവിലത്തെ വില ആയിരിക്കില്ല വൈകിട്ട്

4. അമിത വില നിയന്ത്രിക്കാൻ പരിശോധനയില്ല

5. ചീഞ്ഞ് തുടങ്ങിയ മത്സ്യം വിറ്റാലും നടപടിയില്ല

6. വിപണനത്തിന്റെ മറവിൽ പകൽ കൊള്ള

പ്രാദേശിക വില

നെത്തോലി: 220 രൂപ (കിലോ)

മത്തി: 340

വെള്ളൂര: 300

കണ്ണൻ കൊഴുവ: 230

''

ആവശ്യത്തിന് മത്സ്യം ലഭിക്കുന്നില്ല. എല്ലാം മത്സ്യഫെഡ് കൊണ്ടുപോവുകയാണ്. വലിയ വില കൊടുത്ത് വാങ്ങുന്നതിനാൽ വില കുറച്ച് നൽകാനാവില്ല.

മത്സ്യവ്യാപാരികൾ