505 ചാക്ക് ധാന്യങ്ങൾ പിടിച്ചെടുത്തു
കൊല്ലം: നഗരത്തിലെ മണലിൽ ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ ഗോഡൗണിൽ നിന്ന് 505 ചാക്ക് റേഷൻ ധാന്യങ്ങൾ പൊലീസ് പിടിച്ചെടുത്തു. ഇന്നലെ രാവിലെ സ്പെഷ്യൽ ബ്രാഞ്ച് ഡാൻസാഫ് സംഘവും പൊലീസും ഗോഡൗണിലെത്തുമ്പോൾ മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ റേഷൻ ധാന്യങ്ങൾ ബ്രാൻഡഡ് അരികളുടെ ചാക്കിൽ നിറയ്ക്കുകയായിരുന്നു.
വലിയ തോതിൽ റേഷൻ ധാന്യങ്ങൾ ഗോഡൗണിൽ ഉണ്ടെന്ന് കണ്ടതോടെ വിവരം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിനെ അറിയിച്ചു. റേഷനിംഗ് ഇൻസ്പെക്ടർമാർ അടങ്ങുന്ന സംഘമെത്തി പരിശോധിച്ച് ഗോഡൗണിലുള്ളത് റേഷൻ ധാന്യങ്ങളാണെന്ന് സ്ഥിരീകരിച്ചു. പൊലീസ് നടപടികൾ പൂർത്തീകരിച്ച ശേഷം ധാന്യങ്ങൾ സിവിൽ സപ്ലൈസ് ഗോഡൗണിലേക്ക് മാറ്റി. കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഗോഡൗൺ ഉടമയ്ക്കെതിരെ കേസെടുക്കുമെന്ന് അറിയിച്ചെങ്കിലും ഇന്നലെ വൈകും വരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തിട്ടില്ല. രണ്ടാഴ്ച മുമ്പും കൊല്ലം നഗരത്തിലെ രണ്ട് സ്വകാര്യ ഗോഡൗണുകളിൽ നിന്ന് റേഷൻ ധാന്യങ്ങൾ പിടിച്ചെടുത്തിരുന്നു. രണ്ട് കേസുകളിലും സ്വകാര്യ ഗോഡൗണുകളിലേക്ക് റേഷൻ അരി എത്തിയത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ ഇപ്പോഴും പൊലീസിനും സിവിൽ സപ്ലൈസ് വകുപ്പിനും കഴിഞ്ഞിട്ടില്ല.
ഒത്തുതീർപ്പിന് വൻ ലോബികൾ
കരിഞ്ചന്തയിൽ നിന്ന് വൻ തോതിൽ റേഷൻ ധാന്യങ്ങൾ പിടിച്ചെടുത്തപ്പോഴൊക്കെ കുറ്റവാളികളെ രക്ഷിക്കാൻ വൻ രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ട്. യഥാർത്ഥ പ്രതികളെ പിടികൂടാതെ തേഞ്ഞുമാഞ്ഞ് പോയ ചരിത്രമാണ് ജില്ലയിലെ റേഷൻ കരിഞ്ചന്ത കേസുകളിലെല്ലാം ഉണ്ടായത്. ധാരണകൾക്ക് അപ്പുറമുള്ള സമ്മർദ്ദ ലോബികളാണ് ജില്ലയിലെ റേഷൻ കരിഞ്ചന്തക്കാർക്കൊപ്പം പ്രവർത്തിക്കുന്നത്.
.....................
ദുരിതകാലത്തെ കരിഞ്ചന്ത കാണാതെ പോകരുത്
ലോക്ക് ഡൗൺ കാലത്ത് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ സംസ്ഥാന - കേന്ദ്ര സർക്കാരുകൾ നൽകുന്ന റേഷൻ ധാന്യങ്ങളാണ് കരിഞ്ചന്തയിലേക്ക് പോയത്. സാധാരണക്കാരനെ ചേർത്തുനിറുത്താൻ സർക്കാർ നൽകിയ അരി എവിടെ നിന്നാണ് പുറത്തേക്ക് പോയതെന്ന് കണ്ടെത്തേണ്ട ബാദ്ധ്യത സിവിൽ സപ്ലൈസ് വകുപ്പിനും പൊലീസിനുമുണ്ട്. ദുരിത കാലത്തും തുടർച്ചയായി റേഷൻ ധാന്യങ്ങളുടെ മോഷണം നടക്കുന്നത് സർക്കാരിന്റെയും വകുപ്പിന്റെയും വിശ്വാസ്യതയെ ബാധിക്കുന്നതാണ്.
പിടിച്ചെടുത്തത്: 505 ചാക്ക്
ഗോതമ്പ്: 43 ചാക്ക്
കുത്തരി: 253 ചാക്ക്
പുഴുക്കലരി: 209 ചാക്ക്
................