കൊല്ലം: പിരിയൻ വറ്റൽ മുളക് വില ഇതാദ്യമായി കിലോയ്ക്ക് 300 രൂപ കടന്നു. ബുധനാഴ്ചത്തെ മൊത്ത വില 290 രൂപയും ചില്ലറവില വില 295 മുതൽ 300 രൂപയുമാണ്.
കൊവിഡിന് പിന്നാലെ ആന്ധ്ര, കർണാടക എന്നിവിടങ്ങളിലെ കാലാവസ്ഥാ വ്യതിയാനമാണ് വിലക്കയറ്റത്തിന് മുഖ്യകാരണം. കയറ്റുമതിക്ക് സൂക്ഷിച്ചിരുന്ന മുളകാണിപ്പോൾ വിപണിയിലെത്തുന്നത്. കയറ്റുമതി പുനരാരംഭിക്കുന്നതോടെ വില വീണ്ടുമുയർന്നേക്കും. പിരിയൻ വറ്റൽ മുളകിന് കഴിഞ്ഞ മാസം വരെ 170 രൂപയായിരുന്നു. 120 -180 നിലവാരത്തിൽ നിന്ന് ഒരിക്കലും മുകളിലേക്ക് പോയിട്ടില്ല.. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വില വർദ്ധിച്ചിരുന്നു. മേയ് എത്തിയതോടെ വില കുത്തനെ ഉയർന്നു.
ബുധനാഴ്ച കർണാടകയിൽ നിന്ന് മൊത്തവിൽപ്പനക്കാർക്ക് ലഭിച്ചത് 285 രൂപയ്ക്കാണ്. അഞ്ച് ശതമാനം ജി.എസ്.ടിയും കയറ്റിറക്ക് കൂലിയും ലോറി വാടകയും കൂടിയാവുമ്പോൾ,300 രൂപയ്ക്ക് മുകളിൽ വിറ്റില്ലെങ്കിൽ നഷ്ടക്കച്ചവടമാണെന്ന് മൊത്ത വ്യാപാരികൾ പറയുന്നു. നിലവാരം കുറഞ്ഞ വറ്റൽ മുളക് കിലോ 275 രൂപയാണ് മൊത്തവില. ചില്ലറ വില 290 വരെയെത്തും. 90 - 110 രൂപയുണ്ടായിരുന്ന പാണ്ടി മുളകിന്റെ വില 170 -180 രൂപയിലേക്കുയർന്നു.
സംഭരണം പാളി
ആന്ധ്രയിലെ ഗുണ്ടൂർ, കർണാടകയിലെ ഹൂബ്ലി, അന്യഗിരി, അസ്തിഗിരി, സൗസി, ഗുണ്ടുഗോൾ, റാണിബന്നൂർ, ഗുഥക്, ബ്യാദാഗി എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിൽ വറ്റൽ മുളകെത്തുന്നത്. കൊവിഡ് മൂലം ഇവിടങ്ങളിൽ മുളക് സംഭരണം താറുമാറായതും വിലവർദ്ധനവിന് കാരണമാണ്.
'വറ്റൽമുളകിന് ഇത്രയും വില വർദ്ധിക്കുന്നത് ഓർമ്മയിൽ ആദ്യമാണ്. 50 വർഷമായി വറ്റൽ മുളകിന്റെ മൊത്ത വ്യാപാര രംഗത്തുണ്ട്.'
ഇബ്രാഹിംകുട്ടി,
മൊത്തവ്യാപാരി,
ശാസ്താംകോട്ട