കളങ്കമില്ലാത്ത പുഞ്ചിരിയാണ് ദിനേഷ് മംഗലശേരിയുടെ വിജയമന്ത്രം. സുവ്യക്തമായ നയവും നേരായ ദിശയും ശത്രുക്കളെപ്പോലും അതിശയിപ്പിക്കുന്ന പെരുമാറ്റവും ഈ പൊതു പ്രവർത്തകനെ വ്യത്യസ്തനാക്കുന്നു. കൊട്ടാരക്കരയിലെ രാഷ്ട്രീയ ചിത്രത്തിൽ മികച്ച ഇടം ഒരുക്കിയെടുത്തിട്ട് നാളേറെയായെങ്കിലും ഒരിക്കൽ പോലും പാർലമെന്ററി മോഹവുമായി എത്താൻ ദിനേഷ് മംഗലശേരി തയ്യാറായില്ല. പൊതുജന സേവനത്തിന് മറ്റ് മാർഗ്ഗങ്ങൾ കണ്ടെത്തുകയും ഏറ്റെടുത്ത ചുമതലകളെല്ലാം ഭംഗിയായി നിർവഹിക്കുകയും ചെയ്തു. കൊട്ടാരക്കര മൈലം ഇഞ്ചക്കാട് പുരാതനമായ മംഗലശേരിയിൽ റബർ ബോർഡിൽ നിന്ന് എക്സി. എൻജിനിയറായി വിരമിച്ച പരേതനായ ജി. ഗോപാല പിള്ളയുടെയും (ജി.ജി പിള്ള) ലളിതാഭായിയുടെയും മൂന്ന് മക്കളിൽ മൂത്തയാളാണ് ദിനേഷ് മംഗലശേരി. കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിംഗിന് പഠിക്കുന്ന വേളയിലാണ് വിദ്യാർത്ഥി രാഷ്ട്രീയത്തിലിറങ്ങുന്നത്. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി. കെ.എസ്.യു നേതൃനിരയിലേക്ക് വളർന്നെങ്കിലും നാട്ടിൽ പൊതുപ്രവർത്തനവും ബിസിനസുമായി ഒതുങ്ങിനിൽക്കാനായിരുന്നു തീരുമാനം. കൊല്ലം- തിരുമംഗലം ദേശീയപാതയോരത്തായി ചെങ്ങമനാടിന് സമീപം മംഗലശേരി മോട്ടോർ കമ്പനിയെന്ന സ്ഥാപനം തുടങ്ങി. വാഹനങ്ങളുടെ വിൽപ്പനയും സർവീസും സ്പെയർപാർട്സും ഇൻഷ്വറൻസും ഫിനാൻസുമടക്കമുള്ള സൗകര്യങ്ങളാണിവിടെ. കാൽ നൂറ്റാണ്ട് മുമ്പ് തുടങ്ങിയ സ്ഥാപനം ചുരുങ്ങിയ കാലംകൊണ്ടുതന്നെ പൊതുസ്വീകാര്യത നേടി.
പൊതുരംഗത്ത് സജീവം
കെ.എസ്.യുവിലൂടെ പൊതുപ്രവർത്തനം തുടങ്ങിയ ദിനേഷ് മംഗലശേരി ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗമായി മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചത്. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി താലൂക്ക് കമ്മിറ്റി ചെയർമാൻ, എൻ.എസ്.എസ് ഇഞ്ചക്കാട് കരയോഗം പ്രസിഡന്റ്, ഇഞ്ചക്കാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം പ്രസിഡന്റ്, ഐ.എൻ.ടി.യു.സി സംസ്ഥാന കൗൺസിലംഗം തുടങ്ങി വിവിധ മേഖലകളിൽ ഇപ്പോഴും സജീവമായി പ്രവർത്തിച്ചുവരികയാണ്. എൻ.എസ്.എസ് പ്രതിനിധി സഭാംഗമായും റോട്ടറി ഇന്റർനാഷണൽ കമ്മ്യൂണിറ്റി സർവീസ് ചെയർമാനായും സ്തുത്യർഹ പ്രവർത്തനമാണ് കാഴ്ചവച്ചത്.
ഗ്രീൻ കേരള സോഷ്യൽ വെൽഫെയർ ആൻഡ് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ്, റോട്ടറി ക്ളബ് പ്രസിഡന്റ്, സ്പോർട്സ് കൗൺസിൽ അംഗം, കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ മെമ്പർ തുടങ്ങിയ സ്ഥാനങ്ങളും മുമ്പ് ഏറ്റെടുത്തിരുന്നു.
റെഡ്ക്രോസ് സൊസൈറ്റിയിൽ 14 വർഷം സെക്രട്ടറിയായി പ്രവർത്തിച്ച ശേഷമാണ് ഇപ്പോൾ ചെയർമാൻ സ്ഥാനമേറ്റെടുത്തത്. ഈ ലോക്ക് ഡൗൺ കാലത്ത് സംഘടനവഴിയും വ്യക്തിപരമായും നൂറുകണക്കിന് ആളുകളെ സഹായിക്കാൻ കഴിഞ്ഞു. പൊരിവെയിലത്തും ലോക് ഡൗൺ ഡ്യൂട്ടി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും ഫയർഫോഴ്സ്, റവന്യു, നഗരസഭാ ഉദ്യോഗസ്ഥർക്കുമായി ഒട്ടേറെ സഹായ പദ്ധതികൾ നടപ്പാക്കി. കഴിഞ്ഞ പ്രളയകാലത്തും സുനാമി താണ്ഡവത്തിന് ശേഷവും ദുരന്ത സ്ഥലങ്ങളിൽ ദിനേഷ് മംഗലശേരിയും സംഘവും സേവന പ്രവർത്തനങ്ങളുമായി ഓടിയെത്തിരുന്നു.
കാർഷിക രംഗത്തും സജീവം
കാർഷിക കുടുംബത്തിൽ ജനിച്ചുവളർന്നതിനാൽ കൃഷിക്കാര്യത്തിൽ ദിനേഷിന് വലിയ താത്പര്യമായിരുന്നു. മൈലത്ത് മംഗലശേരി അഗ്രോഫാം തുടങ്ങിയതും പച്ചപ്പിന്റെ ലോകത്ത് കൂടുതൽ ശ്രദ്ധചെലുത്താനാണ്. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായതും കൃഷിക്കാര്യങ്ങളിൽ കൂടുതൽ ഇടപെടാൻ കഴിയുമെന്നതിനാലാണ്. ഭാര്യ എം.ആർ.രാജശ്രീയും മകൻ മൈലം എം.ജി.എം സ്കൂളിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥി രോഹിത്. ഡി. മംഗലശേരിയും പ്രോത്സാഹനവുമായി എപ്പോഴും കൂടെയുണ്ട്.
സഹനവഴികളിലൂടെ
പൊതു പ്രവർത്തനത്തിന് ഇറങ്ങിത്തിരിച്ചപ്പോൾ ദിനേഷ് മംഗലശേരിയെന്ന സൗമ്യമുഖത്തെ തച്ചുടയ്ക്കാൻ ചിലർ വലിയ ശ്രമം നടത്തിയിരുന്നു. എതിർ രാഷ്ട്രീയ സംഘടനകളുടെ മർദ്ദനത്തിനും ഇരയായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ള പ്രമുഖർ പ്രോത്സാഹനവുമായി ചേർന്നുനിന്നതിനാൽ ഫിനിക്സ് പക്ഷിയെപ്പോലെ ദിനേഷ് മംഗലശേരി പൊതുരംഗത്ത് തിരിച്ചെത്തി. തോൽപ്പിക്കാൻ നോക്കിയവരോടും ചിരിച്ച മുഖത്തോടെ ഇടപെടാനായതും മറ്റുള്ളവരിൽ നിന്ന് മംഗലശേരിയെ വ്യത്യസ്തനാക്കുകയാണ്. സഹപ്രവർത്തകർക്ക് എന്താവശ്യത്തിനും ഓടിയെത്താവുന്ന തണലിടമാണ് ദിനേഷ് മംഗലശേരിയെന്ന പൊതുപ്രവർത്തകൻ. കാരുണ്യത്തിന്റെ കെടാവിളക്കുമായി മംഗലശേരി സേവന വഴിയിലൂടെ സഞ്ചരിക്കുമ്പോൾ അതിന് കക്ഷിരാഷ്ട്രീയത്തിനപ്പുറം പിന്തുണ ലഭിക്കുന്നുണ്ട്. വിലാസം: മംഗലശേരി, ഗാന്ധിമുക്ക്, കൊട്ടാരക്കര. ഫോൺ: 9447776080, 7907304088