polachira
പോളച്ചിറ പാടശേഖരത്തിലെ വിളവെടുപ്പിന് പാകമായ നെല്ല്

 കൊയ്‌ത്ത് അടുത്തപ്പോൾ ഏലായിൽ വെള്ളമുയരുന്നു

ചാത്തന്നൂർ: കൊയ്ത്തുപാട്ടിന്റെ ഈരടികൾക്ക് കാതോർത്തിരുന്ന പോളച്ചിറ ഏലായിലെ കർഷകർ അലച്ചുപെയ്യുന്ന വേനൽമഴ മൂലം ദുരിതക്കയത്തിലേക്ക്. ചിറക്കര ഗ്രാമപഞ്ചായത്ത്, ചിറക്കര കൃഷിഭവൻ, പോളച്ചിറ പാടശേഖര സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച നെൽകൃഷിയാണ് വിളവെടുക്കാറായപ്പോൾ തുടങ്ങിയ വേനൽ മഴയോടെ പ്രതിസന്ധിയിലായത്.

ആയിരത്തി അഞ്ഞൂറ് ഏക്കറോളം വരുന്ന പോളച്ചിറ പാടശേഖരത്തിൽ മുന്നൂറ് ഏക്കറോളം സ്ഥലത്താണ് കൃഷിയിറക്കിയിരുന്നത്. മികച്ച വിളവ് ലഭിച്ചതോടെ കൊയ്ത്ത് തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു കർഷകർ. മുൻ വർഷങ്ങളിലെ പോലെ കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് കൊയ്തെടുക്കാനായിരുന്നു പാടശേഖര സമിതിയുടെ തീരുമാനം.

എന്നാൽ നിനച്ചിരിക്കാതെ മഴ തുടങ്ങിയതോടെ ഏലായിൽ ദിനംപ്രതി വെള്ളം നിറഞ്ഞുകൊണ്ടിരിക്കുകയാണ് നിലവിൽ. രണ്ട് പമ്പ് ഹൗസുകളിലെയും പെട്ടിയും പറയും ഉപയോഗിച്ചുള്ള പമ്പ് വഴി വെള്ളം വറ്റിക്കുന്നുണ്ടെങ്കിലും തിമിർത്തുപെയ്യുന്ന മഴ വിള സംരക്ഷിക്കാനുള്ള കർഷകരുടെ ശ്രമത്തെ വൃഥാവിലാക്കുകയാണ്.

 ആർത്തലച്ചെത്തുന്ന മഴവെള്ളം, കുട്ടനാട് മാതൃക പാതിവഴിയിൽ

ചാത്തന്നൂർ, ചിറക്കര, കല്ലുവാതുക്കൽ, പൂതക്കുളം പഞ്ചായത്ത്‌ പ്രദേശങ്ങളിലെ ഭൂരിഭാഗം മേഖലകളിൽ നിന്നും പരവൂർ മുനിസിപ്പാലിറ്റിയിലെ മുതലക്കുളം ഭാഗത്തെ വെള്ളവും ഒഴുകിയെത്തുന്നത് പോളച്ചിറ പാടശേഖരത്തിലേക്കാണ്. ഇതുമൂലം ഈ പ്രദേശങ്ങളിൽ എവിടെ മഴ പെയ്താലും പോളച്ചിറയിൽ വെള്ളം നിറയുന്നതിന് കാരണമാകുന്നു.

നബാർഡിന്റെ നേതൃത്വത്തിൽ പോളച്ചിറയിൽ നടപ്പിലാക്കി വരുന്ന കുട്ടനാട് മാതൃക നെൽകൃഷി പദ്ധതി പാതിവഴിയിൽ നിലച്ച മട്ടാണ്. ഇതുപ്രകാരം പോളച്ചിറ കിഴക്കേ പാടശേഖരത്തിൽ നിലവിൽ ഉണ്ടായിരുന്ന പമ്പും പെട്ടിയും പറയും പുനഃസ്ഥാപിക്കുന്നതിനായി വകയിരുത്തിയ തുക വകമാറ്റി ചെലവഴിച്ചതും പ്രശ്നം സങ്കീർണമാക്കി. പമ്പ് പുനഃസ്ഥാപിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ വെള്ളപ്പൊക്ക ഭീക്ഷണിക്ക് ഒരു പരിധി വരെ പരിഹാരമാകുമായിരുന്നെന്ന് കർഷകർ പറയുന്നു. നിലവിൽ ഏലായുടെ പടിഞ്ഞാറ് മീനാട് ഭാഗത്തെ രണ്ട് പമ്പ് ഹൗസുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്.

 പോളച്ചിറ ഏലാ: 1500 ഏക്കർ

 കൃഷിയിറക്കിയത്: 300 ഏക്കറിൽ