കൊല്ലം: കേരള സർക്കാർ നിയമിച്ച തീരദേശ സേനാംഗങ്ങൾ തങ്ങളുടെ ശമ്പളത്തിന്റെ ഒരു ഭാഗം മാറ്റിവച്ച് സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായി. ഒൻപത് ജില്ലകളിലെ 18 കോസ്റ്റൽ പൊലീസ് സ്റ്റേഷനുകളിലായി ജോലി ചെയ്യുന്ന 176 കോസ്റ്റൽ വാർഡന്മാരിൽ നിന്ന് രണ്ട് ലക്ഷം രൂപയാണ് സമാഹരിച്ച് നൽകിയത്. നീണ്ടകര കോസ്റ്രൽ പൊലീസ് സ്റ്റേഷനിലെ കോസ്റ്റൽ വാർഡന്മാരുടെ നേതൃത്വത്തിലാണ് തുക സ്വരൂപിച്ചത്.
കൊല്ലം കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയ്ക്ക് തുക കൈമാറി. ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ, കോസ്റ്റൽ സി.ഐ ഷരീഫ്, എസ്.ഐ എം.സി പ്രശാന്തൻ, സി.പി.ഒ അനിൽകുമാർ, കോസ്റ്റൽ വാർഡന്മാരായ സിൽവി തോമസ്, മനോജ് ആന്റണി, യു. ഉൻമേഷ്, എസ്. സാജൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.