കുണ്ടറ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ തരിശുകിടക്കുന്ന ഭൂമിയിൽ കൃഷി ചെയ്യുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കുണ്ടറയിലെ കേരളാ സെറാമിക്സ് വളപ്പിൽ നടന്നു. കമ്പനി ഹെഡ് ഓഫീസ് വളപ്പിലും ക്വാർട്ടേഴ്‌സ് പരിസരത്തെ രണ്ട് ഏക്കർ ഭൂമിയിലും മുളവനയിലെ കമ്പനിയുടെ മൈനിംഗ് മേഖലയിലെ ഏഴ് ഏക്കറിലുമായാണ് കൃഷി നടത്തുന്നത്. പച്ചക്കറികൾ, വാഴ, കിഴങ്ങുവർഗങ്ങൾ, ഫലവൃക്ഷങ്ങൾ എന്നിവ പദ്ധതി പ്രകാരം കൃഷി ചെയ്യും.
മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. കുണ്ടറ പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബുരാജൻ അദ്ധ്യക്ഷത വഹിച്ചു. സെറാമിക്സ് ചെയർമാൻ വകേളി മുഹമ്മദ് മാസ്റ്റർ, ഡയറക്ടർ ബോർഡ് അംഗം ജോർജ് മുണ്ടയ്ക്കൽ, എം.ഡി ഡി. സതീശ് കുമാർ, പ്രിൻസിപ്പൽ കൃഷി ഓഫിസർ അനിതാ മണി, അസി. ഡയറക്ടർ എസ്. കൽപ്പന, ഹരിത മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഐസക്ക്, സെറാമിക്സ് മാനേജർ എ. സാംസൺ, ബിജേഷ് രാജൻ, കൃഷി ഓഫീസർ ടി. രതീഷ് കുമാർ എന്നിവർ പങ്കെടുത്തു. കേരളാ
ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംഗ് കമ്പനി വളപ്പിലും മന്ത്രി തൈനട്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. കമ്പനി ചെയർമാൻ വർക്കല ബി. രവികുമാർ, ജനറൽ മാനേജർ എസ്. ഹരികുമാർ, പേഴ്സണൽ മാനേജർ സനൽ കുമാർ എന്നിവർ പങ്കെടുത്തു.