pinarayi-vijayan-

കൊല്ലം: മാതൃദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത അമ്മയോർമ്മകൾ ഹൃദ്യമായി. പോസ്റ്റ് ചെയ്ത് ഒരു മണിക്കൂർ തികയും മുൻപെ മുപ്പത്തയ്യായിരം ആളുകൾ കാണുകയും 2400 പേർ ഷെയർ ചെയ്യുകയും ചെയ്തു. വാട്സ് ആപ്പിലും മറ്റ് നവമാദ്ധ്യമങ്ങളിലുമൊക്കെയായി പലരും ഷെയർ ചെയ്തതോടെ സന്ദേശം വൈറലായി.

ആ അമ്മക്കുറിപ്പ് ഇങ്ങനെ: " അമ്മയ്ക്കായി ഒരു ദിനം മാത്രമല്ല- അമ്മയുടെ ഓർമ്മയുമായി ഒരു ജീവിതം തന്നെയാണ്. മിക്കവാറും ഏതൊരു വ്യക്തിയേയും പോലെ എന്റെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ചത് അമ്മയാണ്. അച്ഛന്റെ രോഗവും, നേരത്തേയുള്ള മരണവും കാരണം കുടുംബത്തിന്റെ ചുമതല അമ്മയ്ക്ക് സ്വന്തം ചുമലിലേറ്റേണ്ടി വന്നു. സധൈര്യം അമ്മ ആ ഉത്തരവാദിത്വം നിറവേറ്റി. പ്രസവിച്ച പതിനാലു മക്കളിൽ പതിനൊന്നു പേരെയും നഷ്ടപ്പെട്ട കല്യാണിയുടെ ഏറ്റവും ഇളയ മകനായാണ് വളർന്നത്.

പ്രതിസന്ധികൾക്കിടയിലും അമ്മയെന്നെ പഠിപ്പിച്ചു. "തോൽക്കും വരെ പഠിപ്പിക്കണം" എന്ന് അധ്യാപകൻ പറഞ്ഞപ്പോൾ അമ്മ നിശ്ചയദാർഢ്യത്തിന്റെ താങ്ങുമായി കൂടെ നിന്നു. അമ്മയുടെ അടുത്തിരുന്ന് അമ്മയ്ക്കു വേണ്ടി പുസ്തകങ്ങൾ ഉറക്കെ വായിച്ചു കൊടുത്താണ് വായന ശീലിച്ചത്. ആ ശീലമാണ് രാഷ്ട്രീയ വിദ്യാഭ്യാസത്തിനു തുണയായി മാറിയത്. അമ്മ പകർന്നു തന്ന ആത്മബലമാണ് രാഷ്ട്രീയ ജീവിതത്തിന്റെ അടിത്തറ പാകിയത്. അമ്മയ്ക്ക് വേണ്ടി സവിശേഷമായി മാറ്റിവെക്കുന്ന ഈ ദിനവും ചിന്തയും ചുറ്റുപാടിലും പ്രയാസം അനുഭവിക്കുന്നവർക്ക് ആശ്വാസം പകരുന്നതിന്റേതാകാതെ തരമില്ല. അതിതീവ്രമായ പ്രതിസസന്ധിയിലൂടെ നാട് കടന്നു പോകുമ്പോൾ അസാധാരണമായ ഊർജ്ജത്തോടെ പൊരുതി മുന്നേറിയേ മതിയാകൂ. നമ്മുടെ തൊട്ടരികിൽ, നമ്മുടെ ഓർമ്മകളിൽ അമ്മമാരുള്ളിടത്തോളം ത്യാഗത്തിന്റേയും ആത്മവീര്യത്തിന്റെയും ഉദാത്ത മാതൃകകൾ തിരഞ്ഞ് മറ്റെങ്ങും പോകേണ്ടതില്ല. ഈ മാതൃദിനത്തിൽ നന്ദിപൂർവ്വം അമ്മയെ സ്മരിക്കുന്നു. എല്ലാ അമ്മമാരോടും നന്ദി പറയുന്നു. മാതൃത്വത്തിന്റെ മൂർത്ത ഭാവങ്ങളായ ത്യാഗവും കാരുണ്യവും ധീരതയും ചേർത്തു പിടിച്ച് ഈ സമയത്തെയും മറികടന്നു നമുക്ക് ഒരുമിച്ചു മുന്നോട്ടു പോകാം.