v
u

 1,210 ഹെക്ടർ തരിശ് ഭൂമി പച്ചപ്പണിയും

കൊല്ലം: കാലവർഷം ആരംഭിക്കും മുമ്പ് ജില്ലയിൽ 1,210 ഹെക്ടർ തരിശ് ഭൂമിയിൽ കൃഷിയിറക്കാനുള്ള ഒരുക്കങ്ങൾ സംസ്ഥാന സർക്കാർ ഏജൻസിയായ ഹരിതകേരള മിഷൻ ആരംഭിച്ചു. കൊവിഡ് സൃഷ്ടിക്കുന്ന പ്രതിസന്ധികൾ മറികടക്കാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായാണ് കൃഷി വ്യാപിപ്പിക്കുന്നത്.

തരിശ് ഭൂമികൾ കണ്ടെത്താനുള്ള നിർദ്ദേശം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്. ഈമാസം15ന് ഒഴിഞ്ഞുകിടക്കുന്ന ഭൂമി സംബന്ധിച്ച റിപ്പോർട്ട് തയ്യാറാകും. ഭൂ ഉടമകൾക്ക് കൃഷി ചെയ്യാൻ താല്പര്യമില്ലെങ്കിൽ സന്നദ്ധ സംഘടനകൾക്കോ സ്വയംസഹായ സംഘങ്ങൾക്കോ കൃഷി ചെയ്യാൻ സ്ഥലം വിട്ടുനൽകും. നെല്ല്, വാഴ പച്ചക്കറി എന്നിവ ഒരു ഹെക്ടറിൽ കൃഷി ചെയ്യാൻ 40,000 രൂപ സബ്സിഡി നൽകും. കിഴങ്ങ്, പയർ, ചെറുധാന്യങ്ങൾ എന്നിവയുടെ കൃഷിക്ക് 30,000 രൂപ ഹെക്ടറിന് സബ്സിഡി ലഭിക്കും.

ഇനം ലക്ഷ്യമിടുന്ന വിസ്തീർണം(ഹെക്ടറിൽ)

നെല്ല്: 200

വാഴ: 450

പച്ചക്കറി:275

പയർ: 20

ചെറുധാന്യങ്ങൾ: 15

പൊതുമേഖലാ സ്ഥാപനങ്ങളിൽ 19.5 ഏക്കർ

ജില്ലയിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒഴിഞ്ഞുകിടക്കുന്ന ഭൂമിയിലും മിഷന്റെ നേതൃത്വത്തിൽ കൃഷി തുടങ്ങി. ചവറ കെ.എം.എം.എൽ വളപ്പിൽ കൃഷി യോഗ്യമായ 30 ഏക്കർ ഒഴിഞ്ഞ സ്ഥലമുണ്ട്. നിലവിൽ 10 ഏക്കറിൽ കൃഷി ആരംഭിക്കാനാണ് ആലോചന. ശേഷിക്കുന്ന സ്ഥലം കൂടി വിട്ടുകിട്ടാനുള്ള ചർച്ചകൾ നടക്കുന്നു. സ്വകാര്യ സ്ഥാപനങ്ങളുടെയും മതസ്ഥാപനങ്ങളുടെയും വളപ്പുകൾ സഹിതം 100 ഏക്കർ സ്ഥലത്ത് അടുത്തിടെ കൃഷി ആരംഭിച്ചു.

സ്ഥാപനം, കൃഷി ചെയ്യുന്ന വിസ്തീർണം (ഏക്കർ)

കുണ്ടറ കെൽ: 2

കുണ്ടറ സിറാമിക്സ്: 2.5

പള്ളിമുക്ക് മീറ്റർ കമ്പിനി: 2

ചാത്തന്നൂർ സ്പിന്നിംഗ് മിൽ: 3

''

കൃഷി വകുപ്പിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ഹരിതകേരള മിഷനാണ് ഏകോപനം. കാലവർഷത്തിന് മുമ്പേ കൃഷി ആരംഭിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

എസ്. ഐസക്

ഹരിതകേരള മിഷൻ

ജില്ലാ കോ- ഓർഡിനേറ്റർ