പ്രതിരോധത്തിൽ കൈകോർത്ത് ജനങ്ങൾ
കൊല്ലം: കൊവിഡ് പ്രതിരോധത്തിനായുള്ള സമ്പൂർണ ലോക്ക് ഡൗണിൽ നാട് നിശ്ചലമായി. കൊല്ലം ചിന്നക്കട ഉൾപ്പെടെയുള്ള ജില്ലയിലെ പ്രധാന കേന്ദ്രങ്ങൾ വിജനമായിരുന്നു. മെഡിക്കൽ സ്റ്റോറുകൾ, ഹോട്ടലുകളുടെ പാഴ്സൽ കൗണ്ടറുകൾ എന്നിവ മാത്രമാണ് പൂർണ തോതിൽ പ്രവർത്തിച്ചത്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ലെങ്കിലും സൂപ്പർ മാർക്കറ്റുകൾ മിക്കതും ജീവനക്കാർക്ക് അവധി നൽകി അടച്ചിട്ടു.
സംസ്ഥാനത്ത് ലോക്ക് ഡൗണിന് കൂടുതൽ ഇളവുകൾ നൽകിയതിനൊപ്പമാണ് ഞയറാഴ്‌ച പൂർണ ലോക്ക് ഡൗൺ എന്ന നിർദേശം മുന്നോട്ടുവച്ചത്. ലോക്ക് ഡൗണിന് മുന്നോടിയായി മാർച്ചിൽ പ്രധാനമന്ത്രി ആഹ്വാനം ചെയ്‌ത ജനത കർഫ്യൂവിന് സമാനമായി ഞയറാഴ്‌ചയിലെ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപനം ജനങ്ങൾ ഏറ്റെടുത്തു. വീടിന് പുറത്തിറങ്ങാതെ കൃഷിയും പരിസരം വൃത്തിയാക്കലുമായി ഇന്നലെ കുടുംബാംഗങ്ങൾ കഴിച്ചുകൂട്ടി.
ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ ഗതാഗതക്കുരുക്ക് വരെ അനുഭവപ്പെട്ട നിരത്തുകളിൽ ഇന്നലെ വിരളമായാണ് വാഹനങ്ങൾ ഓടിയത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഒരേ മനസോടെ നാട് കൈകോർക്കുന്നതിന്റെ തെളിവായിരുന്നു ഇന്നലത്തെ കാഴ്ചകൾ. കൊല്ലം നഗരത്തിന് പുറമെ കൊട്ടാരക്കര, എഴുകോൺ, പുനലൂർ, അഞ്ചൽ, പത്തനാപുരം, ശാസ്താംകോട്ട, ഭരണിക്കാവ്, കരുനാഗപ്പള്ളി, ചവറ, കുണ്ടറ, ചാത്തന്നൂർ, കൊട്ടിയം, ചടയമംഗലം തുടങ്ങി ജില്ലയുടെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും ലോക്ക് ഡൗൺ പൂർണമായിരുന്നു.
ജീവനക്കാർക്ക് അവധി നൽകി
ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ സൂപ്പർ മാർക്കറ്റുകൾ മാത്രമല്ല, കൂടുതൽ കടകൾ തുറന്ന് പ്രവർത്തനം തുടങ്ങിയിരുന്നു. എന്നാൽ പൂർണ ലോക്ക് ഡൗൺ ആഹ്വാനം ഉൾക്കൊണ്ട് സൂപ്പർ മാർക്കറ്റ് ശൃംഖലകൾ മിക്കതും ജീവനക്കാർക്ക് അവധി നൽകി അടച്ചിട്ടു. കാഴ്ച കാണാനായി പൊലീസിനെ വെട്ടിച്ച് പുറത്തിറങ്ങിയവർ വിജനമായ നിരത്ത് കണ്ട് തിരികെ വീടുകളിലേക്ക് മടങ്ങി.
ജാഗ്രതയോടെ പൊലീസ്
1. നിരത്തിൽ പൊലീസ് സന്നാഹം ശക്തം
2. കാഴ്ച്ചക്കാരെ കൈയോടെ പിടികൂടി
3. കടകൾ പൂർണമായും അടഞ്ഞുകിടന്നു
4. പ്രവർത്തിച്ചത് അവശ്യ സർവീസുകൾ
5. പ്രധാനമന്ത്രിയുടെ ജനതാ കർഫ്യൂവിന് സമാനം
''
പതിവ് പരിശോധനകൾക്ക് പുറമെ എല്ലാ പ്രധാന കവലകളിലും പൊലീസ് സാന്നിദ്ധ്യം ഉറപ്പ് വരുത്തി. ലോക്ക് ഡൗൺ കാഴ്ചകൾ ആസ്വദിക്കാനിറങ്ങിയവർക്കെതിരെ കേസെടുത്തു. നടപടി തുടരും.
ടി. നാരായണൻ
സിറ്റി പൊലീസ് കമ്മിഷണർ